---
title: "മഴ ആശ്വാസമായി....! വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി"
english_title: "Rain brings relief Electricity consumption is decreasing KSEB says no restrictions were needed yesterday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356271/rain-brings-relief-electricity-consumption-is-decreasing-kseb-says-no-restrictions-were-needed-yesterday"
published_at: "2026-04-30T08:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2c8613dfd2_kseb.jpg"
keywords: []
---

# മഴ ആശ്വാസമായി....! വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ അല്പം ആശ്വാസം. വൈദ്യുതി ഉപഭോഗം കുറയുന്നു. ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ അല്പം ആശ്വാസം. വൈദ്യുതി ഉപഭോഗം കുറയുന്നു. ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്.

വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് എന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ വാദം. പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചത്.

വൈദ്യുതി വിതരണ പ്രസരണ ശൃംഘലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നായിരുന്നു വിശദീകരിച്ചത്. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെഎസ്ഇബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ 200 മെഗാവാട്ടിന്‍റെ കുറവ് മാത്രമാണുള്ളതെന്നും അധിക നാള്‍ വേണ്ടി വരില്ലെന്നും കെഎസ്ഇബി പറഞ്ഞിരുന്നു. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിച്ചിരുന്നു.

അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്‍മെന്‍റിലുണ്ടായ വീഴ്ചയും കാരണമായെന്നാണ് വിവരം. കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതിൽ വെള്ളം എത്തി. എന്നാൽ, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356271/rain-brings-relief-electricity-consumption-is-decreasing-kseb-says-no-restrictions-were-needed-yesterday)