---
title: "ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം; മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം"
english_title: "Religious propaganda on tourist visas; Three American citizens asked to leave the country"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356212/religious-propaganda-on-tourist-visas-three-american-citizens-asked-to-leave-the-country"
published_at: "2026-04-29T16:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1ea3d422ab_Three_American_citizens_asked_to_leave_the_country.jpg"
keywords: []
---

# ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം; മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം

> **Lead Summary:** **പൂനൈ :[ ** ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിടാൻ പൂനെ സിറ്റി പോലീസ് നിർദ്ദേശം നൽകി. 2026 മേയ് പത്തിന് മുൻപായി രാജ്യം വിട്ടുപോകാനാണ് ഇവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

## Article Content

**പൂനൈ :[ ** ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിടാൻ പൂനെ സിറ്റി പോലീസ് നിർദ്ദേശം നൽകി. 2026 മേയ് പത്തിന് മുൻപായി രാജ്യം വിട്ടുപോകാനാണ് ഇവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

53, 65, 66 വയസ്സുള്ള മൂന്ന് യുഎസ് പൗരന്മാർ ഏപ്രിൽ 19-നും 21-നും ഇടയിലാണ് ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്. ഏപ്രിൽ 26 മുതൽ പിംപ്രി-ചിഞ്ച്‌വാഡിലെ ഹോട്ടലിൽ താമസിച്ച് വരികയായിരുന്ന ഇവരുടെ പക്കൽ നിന്നും വിവിധ ഭാഷകളിലുള്ള മതപ്രചാരണ ലഘുലേഖകൾ പോലീസ് കണ്ടെത്തിയിരുന്നു. വിസ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്നാണ് നടപടി.

ഏപ്രിൽ 27 ന് രാവിലെ പൂനെയിലെ ശുക്രവാർ പേത്തിൽ വെച്ച് ഇവർ ഒരു സ്വകാര്യ ക്യാബ് ഡ്രൈവർക്ക് ബൈബിളിനെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചുമുള്ള ലഘുലേഖകൾ നൽകി.

ക്രിസ്തുമതമാണ് മറ്റ് മതങ്ങളേക്കാൾ മികച്ചതെന്ന് ഡ്രൈവറെ പറഞ്ഞ് വിശ്വസിപ്പിക്കാനും ഇവർ ശ്രമിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് ക്യാബ് ഡ്രൈവർ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പാസ്‌പോർട്ടും വിസയും ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. പൂനെ പോലീസിലെ ഫോറിനേഴ്സ് രജിസ്‌ട്രേഷന്‍ ഓഫീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ മൂവരും ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. തുടർന്ന് ഇവരെ പൂനെ സിറ്റി പൊലീസിന്റെ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിലേക്ക് കൊണ്ടുപോയി.

ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തുന്നത് നിയമലംഘനമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണ് ഇവർക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356212/religious-propaganda-on-tourist-visas-three-american-citizens-asked-to-leave-the-country)