---
title: "ബിജെപി ചിഹ്നത്തിന് നേരേയുള്ള ബട്ടണിൽ ടേപ്പ് ഒട്ടിച്ചു; ബംഗാളിൽ വ്യാപക ക്രമക്കേടെന്ന് പരാതി, റീപോളിങ് നടത്തണമെന്ന് ആവശ്യം"
english_title: "west bengal election 2026 falta voting irregularities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356200/west-bengal-election-2026-falta-voting-irregularities"
published_at: "2026-04-29T15:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1dccbdd9b6_election_west_bangal.jpg"
keywords: []
---

# ബിജെപി ചിഹ്നത്തിന് നേരേയുള്ള ബട്ടണിൽ ടേപ്പ് ഒട്ടിച്ചു; ബംഗാളിൽ വ്യാപക ക്രമക്കേടെന്ന് പരാതി, റീപോളിങ് നടത്തണമെന്ന് ആവശ്യം

> **Lead Summary:** **കൊൽക്കത്ത: ( **[www.truevisionnews.com]** ) ** പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടുകളെന്ന് പരാതി. വോട്ടെടുപ്പിന് മുൻപേ വിവാദങ്ങളിൽ ഇടംനേടിയ ഫാൾട്ട നിയോജകമണ്ഡലത്തിലാണ് വോട്ടെടുപ്പ് ദിവസവും പരാതികളുയരുന്നത്. ഫാൾട്ട മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിൽ ബിജെപിയുടെ ചിഹ്നത്തിന് നേരേയുള്ള ബട്ടൺ അമർത്താൻ കഴിയാത്തവിധം ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ബിജെപി സ്ഥാനാർഥിയുടെ ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ചുവെച്ചതും ബിജെപി നേതാക്കൾ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

## Article Content

**കൊൽക്കത്ത: ( **[www.truevisionnews.com]** ) ** പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടുകളെന്ന് പരാതി. വോട്ടെടുപ്പിന് മുൻപേ വിവാദങ്ങളിൽ ഇടംനേടിയ ഫാൾട്ട നിയോജകമണ്ഡലത്തിലാണ് വോട്ടെടുപ്പ് ദിവസവും പരാതികളുയരുന്നത്. ഫാൾട്ട മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിൽ ബിജെപിയുടെ ചിഹ്നത്തിന് നേരേയുള്ള ബട്ടൺ അമർത്താൻ കഴിയാത്തവിധം ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ബിജെപി സ്ഥാനാർഥിയുടെ ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ചുവെച്ചതും ബിജെപി നേതാക്കൾ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

ഫാൾട്ട മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ തങ്ങളുടെ ചിഹ്നത്തിന് നേരേയുള്ള ബട്ടൺ പ്രവർത്തനരഹിതമാക്കിയെന്നാണ് ബിജെപി ആരോപിക്കുന്നത്. പുറത്തുവന്ന ചിത്രങ്ങളിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ നേരേയുള്ള ബട്ടൺ ടേപ്പ് ഒട്ടിച്ചുവെച്ച് മറച്ചനിലയിലാണ്.

അതേസമയം, ഈ സംഭവത്തിൽ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

വിവിധ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്തിയെന്നാണ് ബിജെപി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡയുടെ ആരോപണം. ഇവിടങ്ങളിൽ ബിജെപിക്ക് നേരേയുള്ള ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്തിയെന്ന ബിജെപി ആരോപണം പരിശോധിച്ചുവരികയാണെന്ന് പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഈ ബൂത്തുകളിൽ റീപോളിങ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

തൃണമൂൽ സ്ഥാനാർഥിയായി ജഹാംഗീർ ഖാനും ബിജെപി സ്ഥാനാർഥിയായി ദേബാങ്ഷു പാണ്ഡയും ഇടതുമുന്നണി സ്ഥാനാർഥിയായി ശംഭു കുർമിയും കോൺഗ്രസ് സ്ഥാനാർഥിയായി അബ്ദുർ റജക്ക് മൊല്ലയുമാണ് ഫാൾട്ട മണ്ഡലത്തിൽ മത്സരിക്കുന്നത്.

കഴിഞ്ഞദിവസങ്ങളിൽ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായെത്തിയ യുപിയിലെ പോലീസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമയും തമ്മിലുണ്ടായ തർക്കങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് മണ്ഡലത്തിൽ വോട്ടെടുപ്പിലും ക്രമക്കേട് നടക്കുന്നതായി ബിജെപി ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356200/west-bengal-election-2026-falta-voting-irregularities)