---
title: "ഉപ്പള എടിഎം വാഹന കവർച്ച: റാംജിനഗർ ഗ്യാങ്ങിലെ മുഖ്യപ്രതി ഛത്തീസ്ഗഡിൽ പിടിയിൽ, കവർന്നത് 50 ലക്ഷം രൂപ"
english_title: "ATM van broken into in broad daylight in Uppala, looted Rs. 50 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356187/atm-van-broken-into-in-broad-daylight-in-uppala-looted-rs-50-lakh"
published_at: "2026-04-29T15:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1d3241b95a_16.jpg"
keywords: []
---

# ഉപ്പള എടിഎം വാഹന കവർച്ച: റാംജിനഗർ ഗ്യാങ്ങിലെ മുഖ്യപ്രതി ഛത്തീസ്ഗഡിൽ പിടിയിൽ, കവർന്നത് 50 ലക്ഷം രൂപ

> **Lead Summary:** **കാസർകോട്: [ **ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിൽ നിന്ന് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും കുപ്രസിദ്ധമായ റാംജിനഗർ കവർച്ചാ സംഘത്തിലെ കണ്ണിയുമായ അറുമുഖൻ എന്ന കിട്ടുവിനെയാണ് പോലീസ് വലയിലാക്കിയത്.

## Article Content

**കാസർകോട്: [ **ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിൽ നിന്ന് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും കുപ്രസിദ്ധമായ റാംജിനഗർ കവർച്ചാ സംഘത്തിലെ കണ്ണിയുമായ അറുമുഖൻ എന്ന കിട്ടുവിനെയാണ് പോലീസ് വലയിലാക്കിയത്.

ഛത്തീസ്ഗഡിലെ റായ്പൂരിൽ വച്ച് മറ്റൊരു കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയപ്പോഴാണ് കേരള പോലീസ് അതിസാഹസികമായി ഇയാളെ പിടികൂടിയത്. 2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ കവർച്ച നടന്നത്.

ഉപ്പള നഗരത്തിൽ വച്ച് സ്വകാര്യ ഏജൻസിയുടെ വാഹനത്തിന്റെ ഗ്ലാസ് തകർത്ത് മിനിറ്റുകൾക്കുള്ളിലാണ് അരക്കോടി രൂപയുമായി സംഘം കടന്നുകളഞ്ഞത്. വാഹനങ്ങൾ കുത്തിപ്പൊളിച്ച് കവർച്ച നടത്തുന്നതിൽ വൈദഗ്ധ്യമുള്ള റാംജിനഗർ ഗ്യാങ്ങിലെ മൂന്നംഗ സംഘമാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതിനോടകം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറിലധികം സിസിടിവി ദൃശ്യങ്ങളും ഉപ്പള നഗരത്തിലെ മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണമാണ് ഒടുവിൽ പ്രതിയിലേക്ക് എത്തിയത്.

അന്തർസംസ്ഥാന കവർച്ചാ സംഘത്തിലെ പ്രധാനിയെ തന്നെ പിടികൂടാനായത് അന്വേഷണ സംഘത്തിന് വലിയ നേട്ടമായി. ഇയാളെ കേരളത്തിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കവർച്ചാ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356187/atm-van-broken-into-in-broad-daylight-in-uppala-looted-rs-50-lakh)