---
title: "പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത്  18 ഇലക്ട്രിക് സ്‌കൂട്ടറുകൾ"
english_title: "Fire breaks out in Nadapuram outpost, damages worth Rs 4 crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356163/fire-breaks-out-in-nadapuram-outpost-damages-worth-rs-4-crore"
published_at: "2026-04-29T14:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c2933c0f4_fire.jpg"
keywords: []
---

# പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത്  18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

> **Lead Summary:** **കോഴിക്കോട്: ** നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. പുറമേരി സിറ്റി ടവര്‍ ബില്‍ഡിങ്ങില്‍ ഉച്ചയ്ക്ക് 2.35-ഓടെ ആരംഭിച്ച തീപിടിത്തത്തിൽ മൂന്ന് നില കെട്ടിടം ഭൂരിഭാഗവും നശിച്ചു. 

## Article Content

**കോഴിക്കോട്: ** നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. പുറമേരി സിറ്റി ടവര്‍ ബില്‍ഡിങ്ങില്‍ ഉച്ചയ്ക്ക് 2.35-ഓടെ ആരംഭിച്ച തീപിടിത്തത്തിൽ മൂന്ന് നില കെട്ടിടം ഭൂരിഭാഗവും നശിച്ചു. 

വിലാതപുരം സ്വദേശി ആര്‍.കെ റഫീഖ് അസ്ഹറിന്റെ ഉടമസ്ഥതയിലുള്ള യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനി, പുല്‍പ്പള്ളി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മസാഹി ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം എന്നീ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സര്‍വീസിനായി എത്തിച്ച 10 സ്‌കൂട്ടറുകളും കത്തിച്ചാമ്പലായ നിലയിലാണ്. ഷോറൂമിലെ ബാറ്ററിയില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനിയുടെ വിവിധ ഷോറൂമുകളിലേക്ക് വിതരണത്തിന് എത്തിച്ച വിലകൂടിയ ആഡംബര ലൈറ്റുകളും സ്വിച്ചുകളും ഉള്‍പ്പെടെയുള്ളവ പുര്‍ണമായും നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയും നാട്ടുകാരും രണ്ടര മണിക്കൂറിലേറെ കഠിനാധ്വാനം നടത്തിയാണ് തീ അണച്ചത്.

എടച്ചേരി സ്വദേശി അമീറിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടമാണ് സിറ്റി ടവര്‍. നാദാപുരം അഗ്‌നിരക്ഷാ നിലയത്തിലെ മൂന്ന് യൂണിറ്റുകളും വടകര നിലയത്തില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളും, പാനൂര്‍ നിലയത്തില്‍ നിന്ന് ഒരു യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു. കെട്ടിടത്തിന് മുകള്‍ നിലയില്‍ ഉപയോഗിച്ചിരുന്ന രണ്ട് എല്‍പിജി സിലിണ്ടറുകള്‍ സഹസികമായി അപകടം കൂടാതെ പുറത്തെത്തിക്കാന്‍ സാധിച്ചത് കൂടുതല്‍ അപകടം ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356163/fire-breaks-out-in-nadapuram-outpost-damages-worth-rs-4-crore)