---
title: "മത്സരത്തിനിടെ ഇ-സിഗരറ്റ് ഉപയോഗം; രാജസ്ഥാൻ റോയൽസ് നായകനെതിരെ അച്ചടക്ക നടപടിക്ക് ബിസിസിഐ"
english_title: "BCCI to take disciplinary action against Rajasthan Royals captain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356160/BCCI-to-take-disciplinary-action-against-Rajasthan-Royals-captain"
published_at: "2026-04-29T13:51:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c1cb79f4b_133.jpg"
keywords: []
---

# മത്സരത്തിനിടെ ഇ-സിഗരറ്റ് ഉപയോഗം; രാജസ്ഥാൻ റോയൽസ് നായകനെതിരെ അച്ചടക്ക നടപടിക്ക് ബിസിസിഐ

> **Lead Summary:** **ന്യൂ ചണ്ഡീഗഡ്: [ **ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് വലിയ നിയമക്കുരുക്കിലേക്ക്.

## Article Content

**ന്യൂ ചണ്ഡീഗഡ്: [ **ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് വലിയ നിയമക്കുരുക്കിലേക്ക്.

തത്സമയ സംപ്രേക്ഷണത്തിനിടെ താരം വേപ്പിംഗ് ഉപകരണം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിസിസിഐ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ 2019 മുതൽ ഇ-സിഗരറ്റുകൾക്ക് നിരോധനമുള്ളതിനാൽ, ബിസിസിഐയുടെ അച്ചടക്ക നടപടികൾക്ക് പുറമെ താരത്തിനെതിരെ ക്രിമിനൽ നടപടികൾക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്റ്റേഡിയം പരിസരത്തും ഡ്രസ്സിങ് റൂമിലും പുകവലി കർശനമായി നിരോധിച്ചിരിക്കെ ഒരു ടീം നായകൻ തന്നെ ഇത്തരത്തിൽ പെരുമാറിയത് ബോർഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ 'പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട്' പ്രകാരം ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.

നിയമലംഘനം തെളിഞ്ഞാൽ തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. ഡ്രസ്സിങ് റൂമിൽ വെച്ച് നിരുത്തരവാദപരമായി പെരുമാറിയ നായകനെതിരെ യുവതലമുറയ്ക്ക് തെറ്റായ സന്ദേശം നൽകി എന്ന നിലയിൽ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഈ സീസണിൽ നേരത്തെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ ടീം മാനേജർക്ക് പിഴ ശിക്ഷ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ക്യാപ്റ്റൻ തന്നെ വിവാദത്തിൽ ചാടിയത് ടീം മാനേജ്‌മെന്റിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

പരാഗിനോട് ഉടൻ വിശദീകരണം തേടുമെന്നും നായകസ്ഥാനത്ത് മാറ്റമുണ്ടാകുമോ എന്നത് ബിസിസിഐയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും ഐപിഎൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356160/BCCI-to-take-disciplinary-action-against-Rajasthan-Royals-captain)