---
title: "മാതാവിനെ ആക്രമിച്ചതിന് പകരംവീട്ടൽ; യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ"
english_title: "Two arrested in case of attempted murder of youth by hitting him on the head with a stone and a metal rod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356140/two-arrested-in-case-of-attempted-murder-of-youth-by-hitting-him-on-the-head-with-a-stone-and-a-metal-rod"
published_at: "2026-04-29T12:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1ac08949e3_Two_arrested_in_case_of_attempted_murder_of_youth_by_hitting_him_on_the_head_with_a_stone_and_a_metal_rod.jpg"
keywords: []
---

# മാതാവിനെ ആക്രമിച്ചതിന് പകരംവീട്ടൽ; യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

> **Lead Summary:** അമ്പലപ്പുഴ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പുന്നപ്ര പൊലീസിന്റെ പിടിയിലായി. പൊഴിക്കടവ് സ്വദേശി ബിപിൻ വർഗീസ് , സന്തോഷ് പീറ്റർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

അമ്പലപ്പുഴ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പുന്നപ്ര പൊലീസിന്റെ പിടിയിലായി. പൊഴിക്കടവ് സ്വദേശി ബിപിൻ വർഗീസ് , സന്തോഷ് പീറ്റർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ആലിൻപറമ്പ് വീട്ടിൽ വിനു വിൽസണ് (42) നേരെയാണ് ആക്രമണമുണ്ടായത്. ബിപിന്റെ മാതാവിനെ മുൻപ് വിനു വിൽസൺ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് വധശ്രമത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വഴിയിലൂടെ നടന്നുപോകുകയായിരുന്ന വിനുവിനുനേരെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലുമായി ബിപിൻ ഓടിയടുത്തു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച വിനുവിനെ സന്തോഷ് പിടിച്ചുനിർത്തി. തുടർന്ന് ബിപിൻ കല്ലുകൊണ്ട് വിനുവിന്റെ തലക്ക് ഇടിക്കുകയായിരുന്നു. നിലത്തുവീണ വിനുവിനെ സന്തോഷ് കമ്പിവടികൊണ്ടും തലക്കടിച്ചു. മാരകമായി മുറിവേറ്റ വിനുവിന്റെ തലക്ക് 13ഓളം തുന്നലുണ്ട്. വഴിയിൽ വീണ വിനു വിൽസണെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356140/two-arrested-in-case-of-attempted-murder-of-youth-by-hitting-him-on-the-head-with-a-stone-and-a-metal-rod)