---
title: "ബംഗാളിൽ കനത്ത പോളിംഗ്; മമതയും സുവേന്ദുവും നേർക്കുനേർ"
english_title: "Heavy turnout in Bengal; Mamata and Suvendu face off"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356121/heavy-turnout-in-bengal-mamata-and-suvendu-face-off"
published_at: "2026-04-29T11:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f19e2c770f5_CSRG.jpg"
keywords: []
---

# ബംഗാളിൽ കനത്ത പോളിംഗ്; മമതയും സുവേന്ദുവും നേർക്കുനേർ

> **Lead Summary:**  ദില്ലി:**[ ** പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ വൻ ജനപങ്കാളിത്തം. വോട്ടെടുപ്പ് തുടങ്ങി ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ 18.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ എന്നിവിടങ്ങളിൽ പോളിംഗ് 20 ശതമാനം കടന്നു. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂരിൽ 17.08 ശതമാനമാണ് പോളിംഗ്.

## Article Content

 ദില്ലി:**[ ** പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ വൻ ജനപങ്കാളിത്തം. വോട്ടെടുപ്പ് തുടങ്ങി ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ 18.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ എന്നിവിടങ്ങളിൽ പോളിംഗ് 20 ശതമാനം കടന്നു. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂരിൽ 17.08 ശതമാനമാണ് പോളിംഗ്.

അതേസമയം, വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. നാദിയയിൽ ബിജെപി ബൂത്ത് ഏജന്റിന് മർദനമേറ്റു. ടിഎംസി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

അതിനിടെ, വോട്ടെടുപ്പ് നടക്കുന്ന ബൂത്തിൽ മമതയും സുവേന്ദുവും ഒരേസമയം സന്ദർശിക്കാനെത്തി. ഭവാനിപൂരിലെ എഴുപതാം നമ്പർ വാർഡിലാണ് ഇരുവരും എത്തിയത്. പ്രവർത്തകന്റെ വീട്ടിൽ മമത എത്തിയപ്പോൾ പുറത്ത് സുവേന്ദു അധികാരി അണികൾക്കൊപ്പം നിന്നു. മമത എല്ലാ ബൂത്തുകളിലും കയറിയിറങ്ങുന്നത് ചട്ട ലംഘനമാണെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു.

മമത പത്തറുപത് ഗുണ്ടകൾക്കൊപ്പം കറങ്ങി ഹിന്ദു വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും സുവേന്ദു പ്രതികരിച്ചു. അതിനിടെ, സൗത്ത് 24 പർ​ഗാനസിലെ ബിജെപി സ്ഥാനാർത്ഥി ബികാഷ് സർദാറിന്റെ കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു. മമത ബാനർജി ഭവാനിപൂരിൽ തോൽക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. മുപ്പതിനായിരം വോട്ടിന് തോല്ക്കുമെന്നാണ് സുവേന്ദുവിന്റെ പ്രതികരണം.

വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് നടക്കുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സര രം​ഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺ​ഗ്രസിനായിരുന്നു മേൽക്കൈ.

142 ൽ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. സിആർപിഎഫ് അടക്കം വിവിധ മേഖലകളിൽ മുതിർന്ന ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി റൂട്ട് മാർച്ച് നടത്തി. എൻഐഎയും വ്യാപക പരിശോധനകൾ തുടരുകയാണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കുമോയെന്നാണ് ആകാംഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356121/heavy-turnout-in-bengal-mamata-and-suvendu-face-off)