---
title: "‘ഏപ്രില്‍ 29ന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കും’; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി"
english_title: "Fuel prices may rise after April 29 says Rahul Gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356041/fuel-prices-may-rise-after-april-29-says-rahul-gandhi"
published_at: "2026-04-28T21:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0dd1b5b456_rahul_gandhi.jpg"
keywords: []
---

# ‘ഏപ്രില്‍ 29ന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കും’; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

> **Lead Summary:** ഏപ്രില്‍ 29ന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ആശ്യാസം കഴിഞ്ഞുവെന്നും ഇനി പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

## Article Content

ഏപ്രില്‍ 29ന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ആശ്യാസം കഴിഞ്ഞുവെന്നും ഇനി പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

ഏപ്രില്‍ 29ന് ശേഷം പെട്രോള്‍, ഡീസല്‍ തുടങ്ങി എല്ലാത്തിനും വിലകൂടും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ ലാഭം നേടി. വില കൂടുമ്പോള്‍ ആ ഭാരം നിങ്ങളുടെ മേലായിരിക്കും. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് – രാഹുല്‍ ഗാന്ധി കുറിച്ചു.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധനവില വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. വില വര്‍ധിപ്പിക്കേണ്ട വിപണി സാഹചര്യം നിലവിലില്ല. തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുത്. പരിഭ്രാന്തി ഒഴിവാക്കണം. ഔദ്യോഗിക വിവരങ്ങളെ മാത്രം വിശ്വസിക്കണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടായേക്കുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് നല്‍കുന്ന സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസങ്ങളും ക്രൂഡ് ഓയില്‍ വിതരണത്തിലെ കുറവും ആഗോള വിപണിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356041/fuel-prices-may-rise-after-april-29-says-rahul-gandhi)