---
title: "ആദ്യകുർബാന പരിശീലനത്തിനിടെ തർക്കം; പള്ളിയിൽ സംഘർഷം, വികാരിയടക്കം പത്തുപേർക്ക് പരിക്ക്"
english_title: "Argument during first communion practice Clashes break out in church 10 people including vicar injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356038/argument-during-first-communion-practice-clashes-break-out-in-church-10-people-including-vicar-injured"
published_at: "2026-04-28T21:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0d5f6a369e_clash.jpg"
keywords: []
---

# ആദ്യകുർബാന പരിശീലനത്തിനിടെ തർക്കം; പള്ളിയിൽ സംഘർഷം, വികാരിയടക്കം പത്തുപേർക്ക് പരിക്ക്

> **Lead Summary:** ആലപ്പുഴ: ആദ്യകുർബാന പരിശീലനത്തിനിടെ രക്ഷിതാവിന്‍റെ സാന്നിധ്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പള്ളിയിൽ സംഘർഷം. ചേർത്തല നെടുമ്പ്രക്കാട് സെയ്ന്‍റ് തോമസ് പള്ളിയിലുണ്ടായ കയ്യാങ്കളിയിൽ പള്ളിവികാരിയുൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

ആലപ്പുഴ: ആദ്യകുർബാന പരിശീലനത്തിനിടെ രക്ഷിതാവിന്‍റെ സാന്നിധ്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പള്ളിയിൽ സംഘർഷം. ചേർത്തല നെടുമ്പ്രക്കാട് സെയ്ന്‍റ് തോമസ് പള്ളിയിലുണ്ടായ കയ്യാങ്കളിയിൽ പള്ളിവികാരിയുൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പള്ളിവികാരി ജോയി പ്ലാക്കൻ, കൈക്കാരന്മാരായ ജിജോ, ജോസഫ്, വിശ്വാസികളായ ജോജി, ജീസൺ, വിനോദ് വർഗീസ് എന്നിവരും ചേർത്തല ഇലഞ്ഞിക്കൽ റോയി എബ്രഹാം, ഭാര്യ സോണിമോൾ, സഹോദരൻ ടോമി, ഭാര്യ ജമിനി എന്നിവരുമാണ് ചികിത്സ തേടിയത്.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യകുർബാന പരിശീലനത്തിനെത്തിയ മകൾക്കൊപ്പം വന്ന സോണിമോൾ പരീക്ഷ നടക്കുന്ന ഹാളിനു പുറത്തുനിന്നത് വികാരി വിലക്കിയതാണ് തർക്കത്തിന് കാരണമായത്. വികാരി തന്നെ അസഭ്യം പറഞ്ഞതായി സോണിമോൾ ആരോപിച്ചു. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് റോയിയും ടോമിയും സ്ഥലത്തെത്തി സംസാരിക്കുന്നതിനിടെയാണ് കയ്യാങ്കളിയുണ്ടായത്.

വികാരിയെ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഫോൺ അടക്കം തകർത്തെന്നും പള്ളി അധികൃതർ പറയുന്നു. വികാരിക്കെതിരായ അക്രമം ചോദ്യം ചെയ്തവർക്കുനേരെയും ആക്രമണമുണ്ടായി. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

എന്നാൽ, സോണിമോളെ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയ തങ്ങളെ സംസാരിക്കാമെന്നുപറഞ്ഞ് ഭക്ഷണം കഴിക്കുന്ന സ്ഥലത്തെത്തിച്ച് മർദിക്കുകയായിരുന്നെന്നാണ് മറുവിഭാഗത്തിന്റെ പരാതി. സ്ത്രീകൾക്കുനേരെയടക്കം കൈയ്യേറ്റമുണ്ടായെന്നും ഇതിനെതിരെ പൊലീസിനുപുറമേ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകുമെന്നും ചികിത്സയിലുള്ളവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356038/argument-during-first-communion-practice-clashes-break-out-in-church-10-people-including-vicar-injured)