---
title: "പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത്  ടെലഗ്രാം ഗ്രൂപ്പുകളില്‍ വൽപ്പന; കോഴിക്കോട് സ്വദേശി യുവാവിനെതിരെ കേസെടുത്തു"
english_title: "A case has been registered against a youth from Kozhikode for morphing photos of girls and selling them on Telegram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355888/a-case-has-been-registered-against-a-youth-from-kozhikode-for-morphing-photos-of-girls-and-selling-them-on-telegram-new-"
published_at: "2026-04-28T10:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f03a0c4862c_police.jpg"
keywords: []
---

# പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത്  ടെലഗ്രാം ഗ്രൂപ്പുകളില്‍ വൽപ്പന; കോഴിക്കോട് സ്വദേശി യുവാവിനെതിരെ കേസെടുത്തു

> **Lead Summary:** **കോഴിക്കോട്: ** ഇൻസ്റ്റാഗ്രാമിൽ നിന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

**കോഴിക്കോട്: ** ഇൻസ്റ്റാഗ്രാമിൽ നിന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദന്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്.

നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളില്‍ ഉള്ളതായി സാന്ദ്ര പറഞ്ഞു. യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വില്‍പന നടത്തുന്നത്. ഫോട്ടോ വില്‍പനക്ക് പുറമെ എക്‌സ്‌ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് പെണ്‍കുട്ടികള്‍ക്ക് വാട്‌സപ്പിലും ഇന്‍സ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങള്‍ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായി യുവതികള്‍ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 10നാണ് വിവരം അറിയുന്നതെന്നും ഇക്കാര്യം സഹോദരനാണ് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സാന്ദ്ര പറയുന്നു. മോശമായ പേരുള്ള ഗ്രൂപ്പിലാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ചെറുപ്പത്തില്‍ കണ്ടിട്ടുള്ള പരിചയമുള്ള യുവാവാണ് ഇതിന് പിന്നില്‍.

ഗ്രൂപ്പിന്റെ ഡിപിയില്‍ പോലും തന്റെ ചിത്രമാണെന്നും സാന്ദ്ര പറയുന്നത്. കേസിന് പോകരുതെന്നാണ് യുവാവിന്റെ അമ്മ കരഞ്ഞ് പറഞ്ഞത്. കൊച്ചു കുട്ടികളുടെ ചിത്രം പോലും പ്രചരിപ്പിക്കുന്ന ഗ്രൂപ്പിനെ കുറിച്ച് യുവാവിനോട് ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയെന്നാണ് ഇയാള്‍ ആദ്യം പ്രതികരിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്‌തെന്നാണ് പറയുന്നതെന്നും സാന്ദ്ര  പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളുണ്ട്. കെഎസ്ഇബിയില്‍ താത്കാലികമായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ഫോണ്‍ സറണ്ടറാക്കിയിരുന്നു. എന്നാല്‍ ഒരു പ്രമുഖന്‍ വിളിച്ച് പറഞ്ഞ് പൊലീസ് ഫോണ്‍ തിരിച്ചുകൊടുത്തുവെന്നും യുവതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355888/a-case-has-been-registered-against-a-youth-from-kozhikode-for-morphing-photos-of-girls-and-selling-them-on-telegram-new-)