---
title: "തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂടുമെന്ന് അഭ്യൂഹം; പമ്പുകളിൽ നിയന്ത്രണം കടുപ്പിച്ച് എണ്ണക്കമ്പനികൾ"
english_title: "Rumors that fuel prices will increase after the elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355879/rumors-that-fuel-prices-will-increase-after-the-elections"
published_at: "2026-04-28T09:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f02f4d136eb_1.jpg"
keywords: []
---

# തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂടുമെന്ന് അഭ്യൂഹം; പമ്പുകളിൽ നിയന്ത്രണം കടുപ്പിച്ച് എണ്ണക്കമ്പനികൾ

> **Lead Summary:** **ദില്ലി: [ **തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില വർധിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, എണ്ണക്കമ്പനികൾ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് പൊതുജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു.

## Article Content

**ദില്ലി: [ **തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില വർധിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, എണ്ണക്കമ്പനികൾ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് പൊതുജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു.

ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ വില കൂടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് പലയിടങ്ങളിലും പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.

ഡീലർമാർക്ക് നൽകുന്ന സ്റ്റോക്കിൽ നിയന്ത്രണം കടുപ്പിച്ച കമ്പനികൾ, രണ്ടു ദിവസത്തേക്കുള്ള ഇന്ധനം മാത്രം കരുതിയാൽ മതിയെന്നും ലോഡുകൾ അയക്കുന്നതിന് മുൻപ് ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

വില വർധിക്കുന്ന ഘട്ടത്തിൽ ഡീലർമാർ അമിത ലാഭമെടുക്കുന്നത് തടയാനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, വിതരണത്തിലെ ഈ കുറവ് പമ്പുകളിൽ ഇന്ധനക്ഷാമമുണ്ടാക്കുമെന്ന് വ്യാപാരികൾ ഭയപ്പെടുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴാണ് ഈ അപ്രതീക്ഷിത നടപടികൾ. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിൽ ഒരാൾക്ക് നൽകാവുന്ന ഇന്ധനത്തിന്റെ അളവിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു.

വ്യാവസായിക ആവശ്യങ്ങൾക്കായി കുറഞ്ഞ നിരക്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ശേഖരിക്കുന്നത് തടയാൻ ഹെവി വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ വരെ പരിശോധിക്കാനാണ് തീരുമാനം.

തിരഞ്ഞെടുപ്പിന് ശേഷം ഉടനടി വില വർധനയുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, വിപണിയിലെ നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന സൂചനയാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355879/rumors-that-fuel-prices-will-increase-after-the-elections)