---
title: "'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം നടക്കില്ല, പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു'; എറണാകുളത്ത് ഫ്ലക്സ്"
english_title: "congress internal rift satheesan chennithala flex board in ernakulam dcc"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355862/congress-internal-rift-satheesan-chennithala-flex-board-in-ernakulam-dcc"
published_at: "2026-04-28T08:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f01f6d915ad_flux_board.jpg"
keywords: []
---

# 'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം നടക്കില്ല, പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു'; എറണാകുളത്ത് ഫ്ലക്സ്

> **Lead Summary:** എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ്. 'മുഖ്യമന്ത്രിയാകാനുള്ള വി.ഡി.സതീശന്‍റെ മോഹം നടക്കില്ലെന്നും പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു' എന്നുമാണ് ഫ്ലക്സിലുള്ളത്. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

## Article Content

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ്. 'മുഖ്യമന്ത്രിയാകാനുള്ള വി.ഡി.സതീശന്‍റെ മോഹം നടക്കില്ലെന്നും പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു' എന്നുമാണ് ഫ്ലക്സിലുള്ളത്. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

'കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും, വി.ഡി.സതീശന്‍റെ പിആര്‍ പണി അവസാനിപ്പിക്കുക'- എന്ന ഫ്ലക്സും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം ആലുവയിലടക്കം വി.ഡി.സതീശന് അനുകൂലമായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പുതിയ ഫ്ലക്സുകളെന്നാണ് വിലയിരുത്തല്‍.

അതേസമയം മലപ്പുറത്ത് വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്‌സ് ബോര്‍ഡ്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്‌സില്‍ എഴുതിയിട്ടുള്ളത്. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്തലൂര്‍ ഭാഗത്താണ് ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ തവനൂര്‍ പാറപ്പുറത്തും ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നു അവിടെ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നത്. ഫ്‌ളക്‌സിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരാതി ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരിലും ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഫ്ലക്‌സിലെ വാചകം. മാടായി കൂട്ടായ്മ എന്ന പേരില്‍ പഴയങ്ങാടിയിലെ ബീവി റോഡിലാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ചര്‍ച്ച രൂക്ഷമാകുന്നതിനിടെ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. മഹാരാഷ്ട്ര കോൺഗ്രസ് ചർച്ചകൾക്കായി മാത്രമാണ് ഡൽഹിയിലെത്തിയിട്ടുള്ളത് എന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

ഈ മാസം 17 ന് മഹാരാഷ്ട്ര കോൺഗ്രസ് ചർച്ചക്കായി ഡൽഹിയിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും രമേശ് ചെന്നിത്തല നടത്തിയതായാണ് വിവരം. രാവിലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355862/congress-internal-rift-satheesan-chennithala-flex-board-in-ernakulam-dcc)