---
title: "ലീഗിന് ബിനീഷ് കോടിയേരിയുടെ കൈയടി, വയനാട് പുനരധിവാസത്തിൽ പ്രശംസ ഏറ്റുവാങ്ങി മുസ്ലിം ലീഗ്; കോൺഗ്രസിന് പരിഹാസവും"
english_title: "bineesh kodiyeri congratulates muslim league"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355857/bineesh-kodiyeri-congratulates-muslim-league"
published_at: "2026-04-28T07:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0141ed29f5_bineesh_kodiyeri.jpg"
keywords: []
---

# ലീഗിന് ബിനീഷ് കോടിയേരിയുടെ കൈയടി, വയനാട് പുനരധിവാസത്തിൽ പ്രശംസ ഏറ്റുവാങ്ങി മുസ്ലിം ലീഗ്; കോൺഗ്രസിന് പരിഹാസവും

> **Lead Summary:** തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയെ പ്രകീർത്തിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ദുരിതബാധിതരെ ചേർത്തുപിടിക്കുന്ന ലീഗിന്റെ ശൈലിയെ ബിനീഷ് അഭിനന്ദിച്ചു.

## Article Content

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയെ പ്രകീർത്തിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ദുരിതബാധിതരെ ചേർത്തുപിടിക്കുന്ന ലീഗിന്റെ ശൈലിയെ ബിനീഷ് അഭിനന്ദിച്ചു.

> എന്നാൽ, അതേസമയം, കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷമായ പരിഹാസവും ഉയർത്തി. "മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമ്മത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നതാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശൈലി. മുസ്ലിം ലീഗ് ഏറ്റെടുത്ത ഈ ഉദ്യമം പൂർണ്ണ വിജയത്തിൽ എത്തിയതിൽ ഏറെ സന്തോഷം."

> കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ ലീഗ് കാണിച്ച വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ബിനീഷ് കുറിച്ചു. ലീഗിനെ പുകഴ്ത്തിയ പോസ്റ്റിന്റെ അവസാനത്തിൽ "അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നിൽക്കുന്നു, വീടെവിടെ കോൺഗ്രസ്സേ?" എന്ന ചോദ്യമാണ് ബിനീഷ് ഉന്നയിച്ചത്. ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ എവിടെയെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിയിരുന്നു.

വയനാട് ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന 105 വീടുകളിൽ ആദ്യഘട്ടമായ 51 വീടുകളുടെ ഗൃഹപ്രവേശമാണ് ഇന്ന് നടന്നത്. മൂന്ന് കിടപ്പുമുറികളുള്ള 1060 ചതുരശ്ര അടി വീടും 8 സെന്റ് ഭൂമിയുമാണ് ഓരോ കുടുംബത്തിനും ലഭിച്ചത്. ഫർണിച്ചറുകളും ഭക്ഷ്യകിറ്റും അടക്കം പൂർണ്ണമായും താമസയോഗ്യമായാണ് വീടുകൾ കൈമാറിയത്. ബാക്കിയുള്ള 54 വീടുകൾ സെപ്റ്റംബറോടെ കൈമാറുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

പദ്ധതിയെക്കുറിച്ച് സംസാരിക്കവെ പി.കെ. കുഞ്ഞാലിക്കുട്ടി വികാരാധീനനാകുകയും പ്രസംഗം പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു. വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെ വീടുകൾ പൂർത്തിയാക്കി കൈമാറിയ ലീഗിന്റെ നടപടി വലിയ പ്രശംസയാണ് വിവിധ കോണുകളിൽ നിന്ന് ഏറ്റുവാങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355857/bineesh-kodiyeri-congratulates-muslim-league)