---
title: "കണ്ണൂരിൽ  കുടുംബ വഴക്കിനെത്തുടർന്ന്  ഭാര്യയെ വെട്ടിക്കൊന്ന കേസ്  ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും "
english_title: "Kannur Wife hacked to death over family dispute; Husband gets life imprisonment, fined Rs 1 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355846/kannur-wife-hacked-to-death-over-family-dispute-husband-gets-life-imprisonment-fined-rs-1-lakh"
published_at: "2026-04-27T22:18:00+05:30"
category: "Kannur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef9371e14c0_Untitled-9_copy.jpg"
keywords: []
---

# കണ്ണൂരിൽ  കുടുംബ വഴക്കിനെത്തുടർന്ന്  ഭാര്യയെ വെട്ടിക്കൊന്ന കേസ്  ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും 

> **Lead Summary:** കണ്ണൂർ : കുടുംബവഴക്കിനെത്തുടർന്ന് കണ്ണൂർ കാപ്പാട്ടെ പുതിയാണ്ടി രേഷ്‌മയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആർഎസ്എസ് പ്രവർത്തകനായ ബക്കളം കടമ്പേരിയിലെ എമ്പ്രാൻ ഹൗസിൽ എ സന്തോഷ് കുമാറിനെ യാണ് തലശേരി അഡീഷണൽ ജില്ലാസെഷൻസ് (ഒന്ന്) ജഡ്‌ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.

## Article Content

കണ്ണൂർ : കുടുംബവഴക്കിനെത്തുടർന്ന് കണ്ണൂർ കാപ്പാട്ടെ പുതിയാണ്ടി രേഷ്‌മയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആർഎസ്എസ് പ്രവർത്തകനായ ബക്കളം കടമ്പേരിയിലെ എമ്പ്രാൻ ഹൗസിൽ എ സന്തോഷ് കുമാറിനെ യാണ് തലശേരി അഡീഷണൽ ജില്ലാസെഷൻസ് (ഒന്ന്) ജഡ്‌ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.

2019 മെയ് 31ന് രാത്രി ഏഴരയോടെ കടമ്പേരി സിആർസി വായനശാലക്ക് സമീപത്തെ എമ്പ്രാൻ സന്തോഷിന്റെ വീട്ടിലാണ് രേഷ്‌മ കൊല്ലപ്പെട്ടത്. 2014 മാർച്ച് 23നായിരുന്നു സന്തോഷും രേഷ്‌മയുമായുള്ള വിവാഹം. ഏറെക്കാലം ഗൾഫിലായിരുന്നു സന്തോഷ്. മാതാപിതാക്കൾ നഷ്‌ടപ്പെട്ട രേഷ്‌മ ഭർതൃവീട്ടുകാരുടെ പീഡനം സഹിച്ചാണ് കഴിഞ്ഞത്. നാട്ടിലെത്തിയാൽ രേഷ്മയെ ഒഴിവാക്കണമെന്ന് അമ്മയും സഹോദരിയും സന്തോഷിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പീഡനം അസഹ്യമായപ്പോൾ ഒഴിഞ്ഞുപോകാമെന്ന് രേഷ്‌മ നാട്ടിലെത്തിയ സന്തോഷിനോട് പറഞ്ഞതാണ്.മധ്യസ്ഥ ചർച്ചയിൽ 10 ലക്ഷം രൂപയോ പത്ത് സെന്റ് സ്ഥലമോ നഷ്ട‌പരിഹാരം നൽകി വിവാഹബന്ധം ഒഴിയാൻ കരാറും ഉണ്ടാക്കി. ഒരുവർഷം കഴിഞ്ഞിട്ടും കരാർ പാലിക്കാതെ സന്തോഷ് ഒഴിഞ്ഞുമാറി. പണം നൽകില്ലെന്നും ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ കടമ്പേരിയിലെ വീട്ടിൽനിന്ന് സന്തോഷും മാതാപിതാക്കളും സഹോദരിയുടെ പാണപ്പുഴയിലെ വീട്ടിലേക്ക് താമസംമാറി. എല്ലാവരും പോയാൽ രേഷ്‌മ വീടൊഴിഞ്ഞുപോകുമെന്നാണ് സന്തോഷ് കരുതിയത്.

നഷ്ടപരിഹാരം ലഭിക്കാതെ പോകില്ലെന്ന് ഉറച്ച നിലപാടെടുത്ത രേഷ്‌മ അയൽക്കാരുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് കടമ്പേരിയിലെ ഭർതൃവീട്ടിൽ കഴിഞ്ഞത്. ബസ് ക്ലീനറായ സന്തോഷ് ചെങ്ങളായിയിൽ വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസം. രേഷ്‌മയെ പുറത്താക്കാൻ സന്തോഷിൻ്റെ നേതൃത്വത്തിൽ വീട് ആക്രമണമടക്കം നടത്തിയിരുന്നു. ആക്രമണം ഭയന്ന് അയൽപക്കത്തെ വീട്ടിലായിരുന്നു രേഷ്‌മ താമസിച്ചത്.തളിപ്പറമ്പിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രേഷ്‌മ സംഭവദിവസം ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് സന്തോഷ് എത്തിയത്. സെന്റർഹാളിൽവച്ച് വാക്ത‌ർക്കത്തിൽ ഏർപ്പെടുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്‌. കുതറി മുറ്റത്തേക്ക് ഓടുന്നതിനിടെ കഴുത്തിനും കുത്തേറ്റു. മുറ്റത്തുവീണ് രേഷ്‌മ ഓടിയെത്തിവരോട് സന്തോഷാണ് ചെയ്‌തതെന്ന് പറഞ്ഞിരുന്നു. അയൽവാസികളും നാട്ടുകാരും കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 33 സാക്ഷികളെ വിസ്‌തരിക്കുകയും 35 രേഖകളും 14 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്‌തു. പൊലീസ് ഇൻസ്പെക്ടർമാരായ എ അനിൽകുമാർ, എൻ കെ സത്യപാലൻ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ ഇ ജയറാംദാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355846/kannur-wife-hacked-to-death-over-family-dispute-husband-gets-life-imprisonment-fined-rs-1-lakh)