---
title: "ശമ്പളം കൊടുക്കാത്തതിന്റെ ദേഷ്യം ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ പി എല്ലിനിടെ 240 സിസിടിവി ക്യാമറകൾ ഓഫാക്കി , രണ്ടു പേർ പിടിയിൽ"
english_title: "Angry over non-payment of salaries; 240 CCTV cameras were switched off during IPL at Chinnaswamy Stadium, two people were arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355839/angry-over-non-payment-of-salaries-240-cctv-cameras-were-switched-off-during-ipl-at-chinnaswamy-stadium-two-people-were-arrested"
published_at: "2026-04-27T21:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef899a76b07_Untitled-7_copy.jpg"
keywords: []
---

# ശമ്പളം കൊടുക്കാത്തതിന്റെ ദേഷ്യം ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ പി എല്ലിനിടെ 240 സിസിടിവി ക്യാമറകൾ ഓഫാക്കി , രണ്ടു പേർ പിടിയിൽ

> **Lead Summary:** ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎല്ലിനിടെ 240 സിസിടിവി ക്യാമറകൾ ഓഫാക്കിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. 37-കാരനായ മഞ്ജുനാഥ്, 19-കാരനായ അബ്‌ദുൾ കലാം എന്നിവരാണ് പിടിയിലായത്. സ്റ്റേഡിയത്തിൽ നിരീക്ഷണ ക്യാമറകളുടെ സേവനം നൽകുന്ന കമ്പനിയിലെ ജീവനക്കാരാണിവരെന്നാണ് വിവരം.

## Article Content

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎല്ലിനിടെ 240 സിസിടിവി ക്യാമറകൾ ഓഫാക്കിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. 37-കാരനായ മഞ്ജുനാഥ്, 19-കാരനായ അബ്‌ദുൾ കലാം എന്നിവരാണ് പിടിയിലായത്. സ്റ്റേഡിയത്തിൽ നിരീക്ഷണ ക്യാമറകളുടെ സേവനം നൽകുന്ന കമ്പനിയിലെ ജീവനക്കാരാണിവരെന്നാണ് വിവരം.

ഏപ്രിൽ 24-ന് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുൻപാണ് സംഭവം. വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായി പരാതി ലഭിച്ചതിനെ തുടർന്ന് കുബ്ബോൺ പാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം ആരംഭിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാക്ക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനായ ആദിത്യ ഭട്ട് ആണ് പരാതി നൽകിയത്. പാസില്ലാതെ ഇരുവരും സിസിടിവി കൺട്രോൾ റൂമിൽ പ്രവേശിച്ചുവെന്നും വീഡിയോ റെക്കോർഡർ സിസ്റ്റങ്ങളും അനുബന്ധ ഫൈബർ കണക്ഷനുകളും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സ്റ്റേഡിയത്തിൽ സാധാരണയായി നടത്താറുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രവേശന കവാടമുൾപ്പെടെയുള്ള വിവിധയിടങ്ങളിലെ 240 സിസിടിവി ക്യാമറകളാണ് കൂട്ടത്തോടെ ഓഫാക്കിയ നിലയിൽ കാണപ്പെട്ടത്. പ്രവേശന വിലക്കുള്ള സിസിടിവി കൺട്രോൾ റൂമിൽ ഇവർ അനുമതിയില്ലാതെ കടക്കുകയും ഉപകരണങ്ങൾ നശിപ്പിച്ചെന്നുമാണ് പരാതിയിലുണ്ടായിരുന്നത്.ഇവർ കൺട്രോൾ റൂമുൾപ്പെടെ പ്രവേശനവിലക്കുള്ള മുറികളിൽ കടക്കുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, ശമ്പളം കൃത്യമായി ലഭിക്കാത്തതിൻ്റെ ദേഷ്യത്തിലാണ് ഇത് ചെയ്‌തതെന്നാണ് പ്രതികൾ മൊഴി നൽകിയതെന്നാണ് വിവരം. ഏകദേശം 10 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

24-ാം തീയതി രാവിലെ 11.30 ഓടെയാണ് സംഭവം നടന്നതെന്നും രണ്ട് ജീവനക്കാർ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച് സിസിടിവി ഫൈബർ കണക്ഷനുകളും വീഡിയോ റെക്കോർഡറും നശിപ്പിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണർ അക്ഷയ് എം ഹക്കായി പറഞ്ഞു.ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ഒരു മണിക്കൂറിനുള്ളിൽ ശരിയാക്കി. പ്രാഥമിക അന്വേഷണത്തിൽ, ഈ രണ്ട് ജീവനക്കാർക്കും കമ്പനിയോടുള്ള വ്യക്തിപരമായ വിരോധമാണ് ഇതിന് കാരണമെന്നാണ് മനസിലായത്. ഒരുപക്ഷേ അവർക്ക് ശമ്പളം ലഭിച്ചിട്ടുണ്ടാകില്ല. ഉടൻ തന്നെ തുടർനടപടികൾ സ്വീകരിക്കും. ഒരു മണിക്കൂറിനുള്ളിൽ എല്ലാ സിസിടിവികളും പ്രവർത്തനക്ഷമമായിരുന്നുവെന്നും മത്സരത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355839/angry-over-non-payment-of-salaries-240-cctv-cameras-were-switched-off-during-ipl-at-chinnaswamy-stadium-two-people-were-arrested)