---
title: "ഡിജിറ്റൽ ലോകത്തെ ആസക്തിയും നഷ്ടമാകുന്ന ആരോഗ്യവും സമാധാനവും; വിരൽത്തുമ്പിലെ അദൃശ്യ ചങ്ങലകൾ"
english_title: "Addiction to the digital world and the loss of health and peace:-"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355805/addiction-to-the-digital-world-and-the-loss-of-health-and-peace"
published_at: "2026-04-27T17:04:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef4a3fe7ea1_social_media.jpg"
keywords: []
---

# ഡിജിറ്റൽ ലോകത്തെ ആസക്തിയും നഷ്ടമാകുന്ന ആരോഗ്യവും സമാധാനവും; വിരൽത്തുമ്പിലെ അദൃശ്യ ചങ്ങലകൾ

> **Lead Summary:** ആധുനിക മനുഷ്യന്റെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെ വിരൽത്തുമ്പിൽ എത്തിച്ച സാങ്കേതികവിദ്യ ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുവെങ്കിലും, അതിന്റെ അശാസ്ത്രീയമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.

## Article Content

ആധുനിക മനുഷ്യന്റെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെ വിരൽത്തുമ്പിൽ എത്തിച്ച സാങ്കേതികവിദ്യ ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുവെങ്കിലും, അതിന്റെ അശാസ്ത്രീയമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.

വിരൽത്തുമ്പിലെ അദൃശ്യ ചങ്ങലകൾ വിനോദത്തിനും വിവരശേഖരണത്തിനുമായി തുടങ്ങിയ ശീലം പലപ്പോഴും മണിക്കൂറുകളാണ് കവർന്നെടുക്കുന്നത്. ആഗോളതലത്തിൽ ഒരു വ്യക്തി ശരാശരി മൂന്ന് മണിക്കൂർ സോഷ്യൽ മീഡിയയിൽ ചിലവഴിക്കുമ്പോൾ ഇന്ത്യയിൽ അത് അഞ്ചുമണിക്കൂറിന് മുകളിലാണ്.

ആയിരക്കണക്കിന് ഫോളോവേഴ്സ് ഉണ്ടെങ്കിലും മനുഷ്യൻ ഇന്ന് ഏകാന്തത അനുഭവിക്കുന്നു. ഇമോജികൾക്കിടയിൽ വികാരങ്ങളും, ലൈക്കുകൾക്കിടയിൽ വ്യക്തിത്വങ്ങളും ഹോമിക്കപ്പെടുന്ന 'ഏകാന്തതയുടെ ആൾക്കൂട്ടമായി' നാം മാറുകയാണ്. സോഷ്യൽ മീഡിയ ഒരു നല്ല വേലക്കാരനാണ്, പക്ഷേ ഭയാനകനായ ഒരു യജമാനനാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

നമ്മൾ എന്ത് കാണണം, എന്ത് ചിന്തിക്കണം എന്ന് അൽഗോരിതങ്ങൾ തീരുമാനിക്കുന്ന കാലമാണിത്. നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രം വീണ്ടും വീണ്ടും കാണുന്നതിലൂടെ നമ്മുടെ ചിന്താഗതികൾ ഇടുങ്ങിയതാകുന്നു. യാഥാർത്ഥ്യത്തിന്റെ പച്ചപ്പിനേക്കാൾ ഡിജിറ്റൽ സ്ക്രീനിലെ നിഴലുകളെ പ്രണയിക്കുന്ന തലമുറ, സ്വാഭാവികമായ സാമൂഹ്യബന്ധങ്ങളിൽ നിന്നും അകന്നുപോകുന്നു എന്നത് കൈപ്പേറിയ സത്യമാണ്.

തുടർച്ചയായ സ്ക്രീൻ ഉപയോഗം ശാരീരികവും മാനസികവുമായ നിരവധി തകരാറുകൾക്ക് കാരണമാകുന്നു. അനിയന്ത്രിതമായ ഫോൺ ഉപയോഗംഉറക്കമില്ലായ്മ (Insomnia) ഉണ്ടാകുന്നു. രാത്രികാലത്തെ ഫോൺ ഉപയോഗം ഉറക്കത്തിന് സഹായിക്കുന്നമെലറ്റോണിൻ (Melatonin) ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം ത ലച്ചോറിനെ പകലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.

മറ്റുള്ളവരുടെ ആഡംബര ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നത് വിഷാദരോഗത്തിനും അപകർഷതാബോധത്തിനും കാരണമാകുന്നു. മറ്റുള്ളവർക്ക് ലഭിക്കുന്ന സന്തോഷം തനിക്ക് ലഭിക്കുന്നില്ല എന്ന ഭയം *ഫോമോ (FOMO - Fear Of Missing Out)* എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

അമിതമായ സ്ക്രീൻ ഉപയോഗം തലച്ചോറിലെ ഗ്രേ മാറ്റർ (Gray Matter)കുറയ്ക്കുന്നതായി ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ഓർമ്മശക്തി, ഏകാഗ്രത എന്നിവയെ ദോഷമായി ബാധിക്കുന്നു. ഓരോ നോട്ടിഫിക്കേഷനും തലച്ചോറിൽ *ഡോപ്പമിൻ (Dopamine)* ഉത്പാദിപ്പിക്കുന്നത് ഒരു ലഹരി പോലെ മനുഷ്യനെ ഇതിന് അടിമയാക്കുന്നു.

കാഴ്ചശക്തി കുറയുക, നടുവേദന, കഴുത്തുവേദന എന്നിവയ്ക്ക് പുറമെ ദഹനവ്യവസ്ഥയെയും ഇത് ബാധിക്കുന്നു. ഉറക്കക്കുറവ് കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും അൽഷിമേഴ്സ് പോലുള്ള രോഗസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അമിതമായ ഫോൺ ഉപയോഗം കൊണ്ട് മനുഷ്യന്റെ ഏകാഗ്രത (Attention Span) നഷ്ടമാകുന്നു.

ചെറിയ വീഡിയോകളും റീലുകളും നിരന്തരം കാണുന്നത് വഴി ഒരു കാര്യത്തിൽ 30 സെക്കൻഡിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനുഷ്യന് കഴിയുന്നില്ല. ഇത് കുട്ടികളുടെയും യുവാക്കളുടെയും പഠനത്തെയും ഉൽപ്പാദനക്ഷമതയെയും സാരമായി ബാധിക്കുന്നു.

**പരിഹാരമാർഗ്ഗങ്ങൾ:-**

സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നത് കേവലം ഒരു അച്ചടക്കമല്ല, മറിച്ച് നമ്മുടെ ആരോഗ്യത്തിനായുള്ള അനിവാര്യതയാണ്:

ഡിജിറ്റൽ വെൽബീയിങ് ഉണ്ടാകുക. ഫോണിലെ സെറ്റിങ്സ് വഴി ഓരോ ആപ്പിനും നിശ്ചിത സമയക്രമം (App limits) നിശ്ചയിക്കുക.

അനാവശ്യ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.

കിടപ്പുമുറിയിലും ഭക്ഷണസമയത്തും ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഗ്രേ സ്കെയിൽ മോഡിലേക്ക് ഫോൺ മാറ്റുക. ഫോണിലെ ഡിസ്പ്ലേ നിറമില്ലാത്തതാക്കുന്നത് (Black and White) തലച്ചോറിന് ഫോണിനോടുള്ള താല്പര്യം കുറയ്ക്കാൻ സഹായിക്കും.

ആഴ്ചയിലൊരിക്കലോ നിശ്ചിത സമയത്തോ ഫോണിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുക. കായിക വിനോദങ്ങളിലും നേരിട്ടുള്ള സൗഹൃദ കൂട്ടായ്മകളിലും ഏർപ്പെടുക.

2025-26 ലെ ഗ്ലോബൽ മൈൻഡ് ഹെൽത്ത് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ മാനസികാരോഗ്യം കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഒരേ മുറിയിലിരുന്ന് പരസ്പരം സംസാരിക്കാതെ വാട്സ്ആപ്പിലൂടെ സംവദിക്കുന്ന അവസ്ഥ ഭയാനകമാണ്. ശാരീരികമായി അടുത്തുണ്ടെങ്കിലും മാനസികമായി നാം അകലുകയാണ്. ഫോൺ സ്ക്രീനിനേക്കാൾ മനോഹരമായ ഈ ലോകത്തെ ബോധപൂർവ്വമായ ഇടപെടലുകളിലൂടെ നമുക്ക് തിരിച്ചുപിടിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355805/addiction-to-the-digital-world-and-the-loss-of-health-and-peace)