---
title: "മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു"
english_title: "Children get sunburned while playing in Malappuram woman also gets burns in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355774/children-get-sunburned-while-playing-in-malappuram-woman-also-gets-burns-in-pathanamthitta"
published_at: "2026-04-27T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef32a712d83_sunstock.jpg"
keywords: []
---

# മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിക്ക് സൂര്യാഘാതമേറ്റു. പത്തനംതിട്ട കല്ലറക്കടവ് സ്വദേശി അമല പ്രേമിന് ആണ് സൂര്യാഘാതമേറ്റത്. ഇടതു കൈയിലാണ് പൊള്ളലേറ്റത്.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിക്ക് സൂര്യാഘാതമേറ്റു. പത്തനംതിട്ട കല്ലറക്കടവ് സ്വദേശി അമല പ്രേമിന് ആണ് സൂര്യാഘാതമേറ്റത്. ഇടതു കൈയിലാണ് പൊള്ളലേറ്റത്.

പത്തനംതിട്ട നഗരത്തിൽ നിൽക്കുമ്പോഴാണ് സൂര്യാഘാതം ഏൽക്കുന്നത്. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

മലപ്പുറം വളാഞ്ചേരിയിലാണ് രണ്ടു കുട്ടികൾക്ക് സൂര്യാഘാതമേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.

മൂന്നു വയസുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇവ വലുതായി വന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355774/children-get-sunburned-while-playing-in-malappuram-woman-also-gets-burns-in-pathanamthitta)