---
title: "കേരളം നെഞ്ചേറ്റിയ അറേബ്യൻ മധുരം; വീട്ടിലുണ്ടാക്കാം രുചിയൂറും കുനാഫ"
english_title: "Arabian sweets cherished by Kerala; You can make delicious Kunafa at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355750/arabian-sweets-cherished-by-kerala-you-can-make-delicious-kunafa-at-home"
published_at: "2026-04-27T14:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef21872ac2b_wretsd.jpg"
keywords: []
---

# കേരളം നെഞ്ചേറ്റിയ അറേബ്യൻ മധുരം; വീട്ടിലുണ്ടാക്കാം രുചിയൂറും കുനാഫ

> **Lead Summary:** അറേബ്യൻ നാടുകളിൽ നിന്നെത്തിയ വിഭവമാണെങ്കിലും, ഇന്ന് കേരളത്തിലെ കല്യാണവീടുകളിലും കഫേകളിലും ഒരുപോലെ തരംഗമായി മാറിയ മധുരപലഹാരമാണ് കുനാഫ. മലബാറിലെ തനത് പലഹാരങ്ങൾക്കൊപ്പം തന്നെ ഇന്ന് മലയാളികൾ കുനാഫയെയും നെഞ്ചേറ്റിയിരിക്കുകയാണ്.

## Article Content

അറേബ്യൻ നാടുകളിൽ നിന്നെത്തിയ വിഭവമാണെങ്കിലും, ഇന്ന് കേരളത്തിലെ കല്യാണവീടുകളിലും കഫേകളിലും ഒരുപോലെ തരംഗമായി മാറിയ മധുരപലഹാരമാണ് കുനാഫ. മലബാറിലെ തനത് പലഹാരങ്ങൾക്കൊപ്പം തന്നെ ഇന്ന് മലയാളികൾ കുനാഫയെയും നെഞ്ചേറ്റിയിരിക്കുകയാണ്.

കേരളത്തിലെ ഭക്ഷണപ്രേമികൾക്കിടയിൽ പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കുനാഫയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. പുറംഭാഗം ക്രിസ്പിയായും ഉള്ളിൽ ചീസ് അല്ലെങ്കിൽ ക്രീം നിറച്ചും തയ്യാറാക്കുന്ന ഈ വിഭവം, ചൂടോടെ പഞ്ചസാര ലായനിയിൽ മുക്കി കഴിക്കുമ്പോഴുള്ള രുചി മലയാളി നാവുകൾക്ക് ഇപ്പോൾ ഏറെ പരിചിതമാണ്. കേരളത്തിലെ പല പ്രമുഖ റസ്റ്റോറന്റുകളിലും ഇന്ന് വൈവിധ്യമാർന്ന ചീസ്, ചോക്ലേറ്റ്, നട്ട്സ് കുനാഫകൾ ലഭ്യമാണ്.

**ആവശ്യമായ സാധനങ്ങൾ** 

*സേമിയ (വളരെ കനം കുറഞ്ഞത്): 200 ഗ്രാം*

*ബട്ടർ (ഉരുക്കിയത്): 100 ഗ്രാം*

*മൊസറെല്ല ചീസ് (അല്ലെങ്കിൽ ക്രീം ചീസ്): 1 കപ്പ്*

*പാല്: 1 കപ്പ്*

*കോൺഫ്ലവർ: 1 ടേബിൾ സ്പൂൺ (ക്രീം ഉണ്ടാക്കാൻ)*

*പഞ്ചസാര: 1 കപ്പ് (സിറപ്പ് ഉണ്ടാക്കാൻ)*

*വെള്ളം: ½ കപ്പ്*

*നാരങ്ങാനീര്: 1 ടീസ്പൂൺ*

*പിസ്ത/അണ്ടിപ്പരിപ്പ്: അലങ്കരിക്കാൻ*

**തയ്യാറാക്കുന്ന വിധം **

ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. ലായനി അല്പം കുറുകി വരുമ്പോൾ നാരങ്ങാനീരും വേണമെങ്കിൽ അല്പം റോസ് വാട്ടറും ചേർത്ത് തീ ഓഫ് ചെയ്യുക. ഇത് തണുക്കാൻ മാറ്റി വെക്കുക.

പാലിൽ കോൺഫ്ലവർ കലക്കി അടുപ്പത്ത് വെച്ച് നന്നായി കുറുക്കിയെടുക്കുക. ഇതിലേക്ക് ചീസ് കൂടി ചേർത്ത് ഇളക്കി ക്രീം പരുവത്തിലാക്കി മാറ്റി വെക്കുക.സേമിയ കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഉരുക്കിയ ബട്ടർ ഒഴിച്ച് നന്നായി യോജിപ്പിക്കുക. സേമിയയുടെ എല്ലാ ഭാഗത്തും ബട്ടർ എത്തണം.

ഒരു നോൺ-സ്റ്റിക് പാനിലോ ബേക്കിംഗ് ട്രേയിലോ അല്പം ബട്ടർ പുരട്ടുക. തയ്യാറാക്കി വെച്ച സേമിയയുടെ പകുതി ഇതിൽ നിരത്തി നന്നായി അമർത്തുക. ഇതിനു മുകളിലായി തയ്യാറാക്കി വെച്ച ചീസ്/ക്രീം മിശ്രിതം ഒഴിക്കുക (അരികുകളിലേക്ക് ക്രീം എത്താതിരിക്കാൻ ശ്രദ്ധിക്കുക). ബാക്കിയുള്ള സേമിയ ഉപയോഗിച്ച് ക്രീമിനെ പൂർണ്ണമായും മൂടുക. വീണ്ടും മൃദുവായി അമർത്തുക.

പാൻ അടച്ചു വെച്ച് വളരെ ചെറിയ തീയിൽ 10-12 മിനിറ്റ് വേവിക്കുക. ഒരു വശം ഗോൾഡൻ നിറമായാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി തിരിച്ചിട്ട് 5 മിനിറ്റ് കൂടി വേവിക്കുക. ഓവനാണെങ്കിൽ 180 ഡിഗ്രി സെൽഷ്യസിൽ 20-30 മിനിറ്റ് ബേക്ക് ചെയ്യുക.

കുനാഫ ചൂടോടെ ഇരിക്കുമ്പോൾ തന്നെ അതിനു മുകളിലേക്ക് തണുത്ത ഷുഗർ സിറപ്പ് ഒഴിക്കുക. മുകളിൽ പൊടിച്ച പിസ്തയോ അണ്ടിപ്പരിപ്പോ വിതറി അലങ്കരിക്കാം. കുനാഫ ചൂടോടെ കഴിക്കുമ്പോഴാണ് ചീസ് മെൽറ്റ് ആയി നല്ല രുചി ലഭിക്കുക. പരീക്ഷിച്ചു നോക്കൂ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355750/arabian-sweets-cherished-by-kerala-you-can-make-delicious-kunafa-at-home)