---
title: "മാലിയിൽ ഭീകരാക്രമണം: പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്"
english_title: "Major terrorist attack in Mali: Defense Minister reportedly killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355664/major-terrorist-attack-in-mali-defense-minister-reportedly-killed"
published_at: "2026-04-27T10:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eee773f1599_army.jpg"
keywords: []
---

# മാലിയിൽ ഭീകരാക്രമണം: പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

> **Lead Summary:** **ബമാകോ: **പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കമാര കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനമായ ബമാകോക്ക് സമീപമുള്ള പ്രധാന സൈനിക കേന്ദ്രമായ കാത്തിയിലെ വസതിക്ക് നേരെ അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയുടെ ആക്രമണം നടന്നത്. ഫ്രഞ്ച് റേഡിയോയായ ആർ.എഫ്.ഐയും മന്ത്രിയുടെ ബന്ധുക്കളും മരണം സ്ഥിരീകരിച്ചെങ്കിലും മാലി സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

## Article Content

**ബമാകോ: **പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കമാര കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനമായ ബമാകോക്ക് സമീപമുള്ള പ്രധാന സൈനിക കേന്ദ്രമായ കാത്തിയിലെ വസതിക്ക് നേരെ അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയുടെ ആക്രമണം നടന്നത്. ഫ്രഞ്ച് റേഡിയോയായ ആർ.എഫ്.ഐയും മന്ത്രിയുടെ ബന്ധുക്കളും മരണം സ്ഥിരീകരിച്ചെങ്കിലും മാലി സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അൽ ഖ്വയ്ദയുമായി ബന്ധമുള്ള ജെ.എൻ.ഐ.എം, ടുവാരെഗ് വിമത ഗ്രൂപ്പായ എഫ്.എൽ.എ  എന്നിവർ ചേർന്ന് സംയുക്തമായാണ് ആക്രമണം നടത്തിയത്. സമീപകാലത്ത് മാലി നേരിട്ട ഏറ്റവും വലിയ ഏകോപിത ഭീകരാക്രമണമാണിതെന്ന് നയതന്ത്രജ്ഞർ വിലയിരുത്തുന്നു. കാത്തിയിലെ സൈനിക താവളം മാത്രമല്ല, ബമാകോ വിമാനത്താവളം, മോപ്തി, സെവാരെ, ഗാവോ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും ഒരേസമയം ആക്രമണമുണ്ടായി.

മുമ്പ് വിമതരുടെ കോട്ടയായിരുന്ന കിദാൽ നഗരം തങ്ങൾ തിരിച്ചുപിടിച്ചതായി എഫ്.എൽ.എ അവകാശപ്പെട്ടു. അവിടെയുണ്ടായിരുന്ന റഷ്യൻ സൈനികർക്ക് നഗരം വിട്ടുപോകാൻ അവസരം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

മാലിയിലെ സൈനിക ഭരണകൂടത്തിന്റെ കരുത്തനായ നേതാവും റഷ്യയുമായുള്ള സൈനിക സഹകരണത്തിന്റെ മുഖ്യ സൂത്രധാരനുമായിരുന്നു സാദിയോ കമാര. 2020-21 അട്ടിമറികൾക്ക് ശേഷം പടിഞ്ഞാറൻ രാജ്യങ്ങളെ പുറന്തള്ളി റഷ്യയുമായി അടുക്കാൻ മാലിയെ പ്രേരിപ്പിച്ചത് കമാരയായിരുന്നു.

റഷ്യൻ കൂലിപ്പടയാളികളായ ആഫ്രിക്ക കോർപ്സ് (മുൻ വാഗ്നർ ഗ്രൂപ്പ്) ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പലർക്കും പരിക്കേറ്റതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകി അധികാരമേറ്റ അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് ഈ ആക്രമണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355664/major-terrorist-attack-in-mali-defense-minister-reportedly-killed)