---
title: "ജോർജിയയിൽ ആളിപ്പടർന്ന് കാട്ടുതീ; 80 ചതുരശ്ര കിലോമീറ്റർ പ്രദേശം ചാരമായി; നൂറുകണക്കിന് വീടുകൾ കത്തിനശിച്ചു"
english_title: "An area of ​​80 square kilometers was reduced to ashes; hundreds of houses were burnt down"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355658/an-area-of-80-square-kilometers-was-reduced-to-ashes-hundreds-of-houses-were-burnt-down"
published_at: "2026-04-27T09:38:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eee162b918e_An_area_of_80_square_kilometers_was_reduced_to_ashes.jpg"
keywords: []
---

# ജോർജിയയിൽ ആളിപ്പടർന്ന് കാട്ടുതീ; 80 ചതുരശ്ര കിലോമീറ്റർ പ്രദേശം ചാരമായി; നൂറുകണക്കിന് വീടുകൾ കത്തിനശിച്ചു

> **Lead Summary:** നഹുന്ത : അമേരിക്കയിലെ തെക്കുകിഴക്കൻ ജോർജിയയിൽ കാട്ടുതീ അതിശക്തമായി പടരുന്നു. രണ്ട് വലിയ കാട്ടുതീകൾ സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ ഏകദേശം 80 ചതുരശ്ര കിലോമീറ്റർ പ്രദേശം തീപിടുത്തത്തിന്റെ പരിധിയിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു. തീ അതിവേഗം പടരുന്ന സാഹചര്യത്തിൽ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചേക്കും.

## Article Content

നഹുന്ത : അമേരിക്കയിലെ തെക്കുകിഴക്കൻ ജോർജിയയിൽ കാട്ടുതീ അതിശക്തമായി പടരുന്നു. രണ്ട് വലിയ കാട്ടുതീകൾ സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ ഏകദേശം 80 ചതുരശ്ര കിലോമീറ്റർ പ്രദേശം തീപിടുത്തത്തിന്റെ പരിധിയിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു. തീ അതിവേഗം പടരുന്ന സാഹചര്യത്തിൽ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചേക്കും.

ഏപ്രിൽ 20-ന് ഹൈവേ 82-ന് സമീപമാണ് തീപിടുത്തം ആരംഭിച്ചത്. ഇതുവരെ 87 വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. നിലവിൽ ഏഴ് ശതമാനം ഭാഗം മാത്രമേ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുള്ളൂവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫ്ലോറിഡയിൽ നിന്ന് 56.3 കിലോമീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ബ്രാന്റ്ലി കൗണ്ടിയിലെ ഹൈവേ 82-ന് സമീപം, ഒരു ഫോയിൽ ബലൂൺ വൈദ്യുതി ലൈനുകളിൽ തട്ടി ഉണ്ടായ തീപ്പൊരിയാണ് വൻ ദുരന്തത്തിന് കാരണമായത്. മേഖലയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.

കഴിഞ്ഞ രാത്രിയോടെ തീപിടിത്തത്തിന്റെ വ്യാപ്തി വർധിച്ചതായി ബ്രാന്റ്ലി കൗണ്ടി മാനേജർ ജോയി കാസൺ പറഞ്ഞു. പ്രദേശത്ത് കാറ്റ് വർധിച്ചതാണ് തീ ആളിപ്പടരാൻ കാരണമായത്. ഞായറാഴ്ച പ്രദേശത്ത് മണിക്കൂറിൽ ഏകദേശം 24.1 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയിരുന്നു. ഒഴിപ്പിക്കൽ നോട്ടീസുകൾ ഉടൻ നൽകുമെന്നും ജോയി കാസൺ പറഞ്ഞു.

ഫ്ലോറിഡ സംസ്ഥാന രേഖയ്ക്ക് സമീപമുള്ള ക്ലിഞ്ച്, എക്കോൾസ് കൗണ്ടികളിൽ ഏകദേശം 110 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉണ്ടായ രണ്ടാമത്തെ തീപിടിത്തത്തിൽ 121 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം കത്തിനശിച്ചു. 35 വീടുകൾക്ക് തീപിടിച്ചു. ശനിയാഴ്ച വരെ ഏകദേശം 10 ശതമാനം മാത്രമേ തീ നിയന്ത്രിക്കാൻ കഴിഞ്ഞുള്ളൂ. വെൽഡിംഗ് പ്രവർത്തനത്തിനിടെയുണ്ടായ തീപ്പൊരികളാണ് തീപിടിത്തത്തിന് കാരണമായത്. അ​ഗ്നിശമന സേനാം​ഗങ്ങൾ പ്രദേശത്ത് തുടരുകയാണ്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355658/an-area-of-80-square-kilometers-was-reduced-to-ashes-hundreds-of-houses-were-burnt-down)