---
title: "സഞ്ജുവിന്റെ ചെന്നൈയും ഗില്ലിന്റെ ഗുജറാത്തും ഇന്ന് ഏറ്റുമുട്ടും; ധോണി ഇന്നും പുറത്ത്"
english_title: "Sanju's Chennai and Gill's Gujarat will clash today; Dhoni is out today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355494/sanjus-chennai-and-gills-gujarat-will-clash-today-dhoni-is-out-today"
published_at: "2026-04-26T11:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eda75a66370_fgxdf.jpg"
keywords: []
---

# സഞ്ജുവിന്റെ ചെന്നൈയും ഗില്ലിന്റെ ഗുജറാത്തും ഇന്ന് ഏറ്റുമുട്ടും; ധോണി ഇന്നും പുറത്ത്

> **Lead Summary:** ചെന്നൈ: **[** ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ തട്ടകത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 3.30-നാണ് മത്സരം ആരംഭിക്കുന്നത്. ഈ സീസണിലെ ചെപ്പോക്കിലെ ആദ്യ പകൽ മത്സരമാണിത്.

## Article Content

ചെന്നൈ: **[** ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ തട്ടകത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 3.30-നാണ് മത്സരം ആരംഭിക്കുന്നത്. ഈ സീസണിലെ ചെപ്പോക്കിലെ ആദ്യ പകൽ മത്സരമാണിത്.

സീസണിലെ നാലാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാലും പോയിന്റ് പട്ടികയിലെ സ്ഥാനത്തിൽ മാറ്റം വരില്ലെങ്കിലും, പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഈ വിജയം അനിവാര്യമാണ്. ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആവേശകരമായ ഒരു പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സഞ്ജു സ്പെഷ്യലിൽ മുംബയെ വീഴ്ത്തിയാണ് സിഎസ്കെയുടെ ഹോം കമിംഗ്. അകീൽ ഹൊസൈനും നൂർ അഹമ്മദും വാങ്കഡേയിൽ വീരന്മാരായതും സിഎസ്കെയ്ക്ക് ആശ്വാസം. പക്ഷേ സഞ്ജു ക്ലിക്കായില്ലെങ്കിൽ സിഎസ്കെ തകരും എന്നതാണ് അവസ്ഥ. ക്യാപറ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് 7 കളിയിൽ നേടിയത് 104 റൺസ് മാത്രം. സഞ്ജു അല്ലാതെ, സീസണിൽ 200 റൺസിനടുത്ത് സ്കോർ ചെയ്തത് പരിക്കേറ്റ് സീസണ്‍ നഷ്ടമായ ആയുഷ് മാത്രെ മാത്രമാണ്.

ഹാട്രിക്ക് തോൽവി ഒഴിവാക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിംഗിലും ബൗളിംഗിലും പ്രശ്നങ്ങൾ ഏറെ. റിസ്ക് എടുക്കാൻ മടിക്കുന്ന ബാറ്റർമാരാണ് ടീമിന്‍റെ പ്രധാന ദൗർബല്യം. ഓറഞ്ച് ക്യാപ്പിനായി ഗില്ലും സുദർശനും മത്സരിക്കുന്നുണ്ടെങ്കിലും 160 റൺസിന്മുകളിൽ സ്ട്രൈക്ക് റൈറ്റ് മുൻനിരയിൽ ആർക്കുമില്ല. ചെന്നൈയിലെ ചൂട് കണക്കിലെടുത്താൽ ടോസ് നേടുന്ന ടീം ഫീൽഡിംഗ് തെരഞ്ഞെടുക്കാൻ മടിച്ചേക്കും.

ഇന്ത്യൻ ടീമിലെ ഓപ്പണര്‍ സ്ഥാനത്തിനായി പരസ്പരം മത്സരിച്ചിരുന്ന ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണും നേര്‍ക്കുനേര്‍ വരുന്നുവെന്നതും ഇന്നത്തെ മത്സരത്തെ ആവേശകരമാക്കും. ഓറഞ്ച് ക്യാപ് പോരാട്ടത്തിലും ഇരുവരും അടുത്തടുത്ത സ്ഥാനങ്ങളിലുണ്ട്. സഞ്ജു 293 റണ്‍സുമായി എട്ടാം സ്ഥാനത്തും ഗില്‍ 293 റണ്‍സുമായി ഏഴാം സ്ഥാനത്തും. പരിക്ക് ഭേദമായെങ്കിലും എംഎസ് ധോണി ഇന്നും ചെന്നൈയുടെ പ്ലേയിങ് ഇലവനിലേക്കെത്തിയേക്കില്ല. ടീം വിജയം നേടി തുടങ്ങിയതിനാൽ വിന്നിങ് കോംബിനേഷൻ പൊളിക്കേണ്ടതില്ലെന്നാണ് ധോണി ആഗ്രഹിക്കുന്നത്. മാത്രമല്ല തനിക്ക് വേണ്ടി ഒരു യുവതാരത്തിന്‍റെ അവസരം നഷ്ടമാക്കുന്നതിലും ധോണിക്ക് എതിർപ്പുണ്ട്. എന്തായാലും പരിക്ക് ഭേദമായതോടെ എപ്പോൾ വേണമെങ്കിലും തല മടങ്ങിയെത്തുമെന്ന സന്തോഷത്തിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355494/sanjus-chennai-and-gills-gujarat-will-clash-today-dhoni-is-out-today)