---
title: "ആവേശമായി ജനസാഗരം, തെക്കേ ഗോപുരനട തള്ളിത്തുറന്ന് എറണാകുളം ശിവകുമാർ; പൂരവിളംബരമായി"
english_title: "thrissur pooram 2026 begins with traditional vilambaram ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355353/thrissur-pooram-2026-begins-with-traditional-vilambaram-ceremony"
published_at: "2026-04-25T13:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec6ef02b7b9_pooram.jpg"
keywords: []
---

# ആവേശമായി ജനസാഗരം, തെക്കേ ഗോപുരനട തള്ളിത്തുറന്ന് എറണാകുളം ശിവകുമാർ; പൂരവിളംബരമായി

> **Lead Summary:** തൃശൂർ: ആചാരപ്പെരുമയോടെ തൃശൂർ പൂരത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കം. വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് പൂരം വിളംബരം ചെയ്തു. എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. ഇത്തവണ വെടിക്കെട്ട് അടക്കം ആർഭാടങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായിട്ടാണ് പൂരം നടത്തുന്നത്.

## Article Content

തൃശൂർ: ആചാരപ്പെരുമയോടെ തൃശൂർ പൂരത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കം. വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് പൂരം വിളംബരം ചെയ്തു. എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. ഇത്തവണ വെടിക്കെട്ട് അടക്കം ആർഭാടങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായിട്ടാണ് പൂരം നടത്തുന്നത്.

തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും.

കഴിഞ്ഞ ദിവസം പാറമേക്കാവ് വിഭാഗത്തിൻ്റെ ചമയപ്രദർശനം ആരംഭിച്ചിരുന്നു. ഇന്നാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കുക. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിൽ എത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.

പൂരത്തിന് പങ്കെടുക്കാൻ തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പുറപ്പെടും. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം. ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും. രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കുടമാറ്റം ചെറിയ രീതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. കുടകളുടെ എണ്ണവും കുറയ്ക്കുന്നതിനോടൊപ്പം കുടമാറ്റ സമയം 15 മിനുട്ടായും കുറയ്ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355353/thrissur-pooram-2026-begins-with-traditional-vilambaram-ceremony)