---
title: "സ്വർണ്ണനൂലഴകിൽ മലബാർ രുചി; മുട്ട കൊണ്ട് മാജിക് തീർക്കുന്ന മുട്ടമാലയും മുട്ടസുർക്കയും"
english_title: "Malabar taste in golden thread; Muttamala and Muttasurka, which create magic with eggs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355235/malabar-taste-in-golden-thread-muttamala-and-muttasurka-which-create-magic-with-eggs"
published_at: "2026-04-24T17:19:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb58edb9def_ERGSD.jpg"
keywords: []
---

# സ്വർണ്ണനൂലഴകിൽ മലബാർ രുചി; മുട്ട കൊണ്ട് മാജിക് തീർക്കുന്ന മുട്ടമാലയും മുട്ടസുർക്കയും

> **Lead Summary:** **[**കണ്ടാൽ സ്വർണ്ണനൂലുകൾ പോലെ തോന്നിപ്പിക്കുന്ന, മലബാറിലെ തനതായ ഒരു മധുരപലഹാരമാണ് മുട്ടമാല. മുട്ടയുടെ മഞ്ഞക്കരുവും പഞ്ചസാരപ്പാനിയും കൊണ്ട് മാന്ത്രികത തീർക്കുന്ന ഈ വിഭവം, പഴയകാലത്തെ പ്രൗഢിയുള്ള കല്യാണ വീടുകളിലെ പ്രധാന ആകർഷണമായിരുന്നു. ഒട്ടും പാഴാക്കാതെ, മുട്ടവെള്ള കൊണ്ട് തയ്യാറാക്കുന്ന മുട്ടസുർക്ക കൂടി ചേരുമ്പോൾ ഈ വിഭവം പൂർണ്ണമാകുന്നു. ലളിതമായ ചേരുവകൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ വൈവിധ്യമാർന്ന രുചിക്കൂട്ട് പരിചയപ്പെടാം.**

## Article Content

**[**കണ്ടാൽ സ്വർണ്ണനൂലുകൾ പോലെ തോന്നിപ്പിക്കുന്ന, മലബാറിലെ തനതായ ഒരു മധുരപലഹാരമാണ് മുട്ടമാല. മുട്ടയുടെ മഞ്ഞക്കരുവും പഞ്ചസാരപ്പാനിയും കൊണ്ട് മാന്ത്രികത തീർക്കുന്ന ഈ വിഭവം, പഴയകാലത്തെ പ്രൗഢിയുള്ള കല്യാണ വീടുകളിലെ പ്രധാന ആകർഷണമായിരുന്നു. ഒട്ടും പാഴാക്കാതെ, മുട്ടവെള്ള കൊണ്ട് തയ്യാറാക്കുന്ന മുട്ടസുർക്ക കൂടി ചേരുമ്പോൾ ഈ വിഭവം പൂർണ്ണമാകുന്നു. ലളിതമായ ചേരുവകൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ വൈവിധ്യമാർന്ന രുചിക്കൂട്ട് പരിചയപ്പെടാം.**

ചേരുവകൾ:

*മുട്ട: 20 എണ്ണം *

*പഞ്ചസാര: ½ കിലോ*

*വെള്ളം: 2 കപ്പ്*

*ഏലക്കായ: 3-4 എണ്ണം* 

തയ്യാറാക്കുന്ന വിധം:**

മുട്ടയുടെ വെള്ളയും മഞ്ഞയും പ്രത്യേകം പാത്രങ്ങളിലേക്ക് മാറ്റുക. മഞ്ഞക്കരുവിൽ ഒട്ടുംതന്നെ വെള്ള കലരാതിരിക്കാൻ ശ്രദ്ധിക്കണം. മഞ്ഞക്കരു നല്ലപോലെ അടിച്ചു യോജിപ്പിച്ച ശേഷം ഒരു നേർത്ത തുണിയിലൂടെയോ അരിപ്പയിലൂടെയോ അരിച്ചെടുക്കുക. മുട്ടയുടെ പാട നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്.

 ഒരു വലിയ പരന്ന പാത്രത്തിൽ പഞ്ചസാരയും വെള്ളവും ഏലക്കായയും ചേർത്ത് തിളപ്പിക്കുക. പാനി നൂൽ പരുവമാകുമ്പോൾ തീ കുറച്ചു വെക്കുക.

ഒരു ചെറിയ ദ്വാരമുള്ള ചിരട്ടയോ  അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിൽ ചെറിയ സുഷിരമിട്ടോ മഞ്ഞക്കരു ഇതിലേക്ക് ഒഴിക്കാം. തിളച്ചു കൊണ്ടിരിക്കുന്ന പാനിക്ക് മുകളിലൂടെ വട്ടത്തിൽ നൂൽ പോലെ ഒഴിക്കുക.

ഒരു മിനിറ്റ് വേവിച്ച ശേഷം കുറച്ച് വെള്ളം തളിച്ച് പാനിയുടെ തിള ഒന്ന് കുറയ്ക്കുക. തുടർന്ന് ഒരു ഈർക്കിലോ തടിയോ ഉപയോഗിച്ച് മാല പാനിയിൽ നിന്നും കോരി ഒരു പാത്രത്തിലേക്ക് മാറ്റുക.

**മുട്ടസുർക്ക **

മാലയുണ്ടാക്കി ബാക്കി വരുന്ന മുട്ടയുടെ വെള്ള കൊണ്ടാണ് സുർക്ക തയ്യാറാക്കുന്നത്.

ചേരുവകൾ:

മുട്ടയുടെ വെള്ള: (മാലയുണ്ടാക്കി ബാക്കി വന്നത്)

പഞ്ചസാരപ്പാനി: (മാലയുണ്ടാക്കിയ അതേ പാനി ഉപയോഗിക്കാം)

ഏലക്കായ പൊടി: ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

ബാക്കി വന്ന മുട്ടയുടെ വെള്ള നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഏലക്കായ പൊടിയും വേണമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർക്കാം.ഒരു സ്റ്റീൽ പാത്രത്തിലോ കേക്ക് ടിന്നിലോ അല്പം നെയ്യ് പുരട്ടി മുട്ടവെള്ള ഒഴിക്കുക. ഇത് ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വെച്ച് 10-15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

വെന്തുകഴിഞ്ഞാൽ ഇത് ചെറിയ കഷ്ണങ്ങളായി  മുറിക്കുക. നേരത്തെ മാലയുണ്ടാക്കി ബാക്കിയുള്ള ചൂടുള്ള പഞ്ചസാരപ്പാനിയിലേക്ക് ഈ കഷ്ണങ്ങൾ ഇട്ട് കുറച്ചുനേരം വെക്കുക.

ഒരു വലിയ പ്ലേറ്റിൽ മുട്ടസുർക്ക കഷ്ണങ്ങൾ നിരത്തി വെക്കുക. അതിനു മുകളിലായി സ്വർണ്ണനിറത്തിലുള്ള മുട്ടമാല വിതറി അലങ്കരിക്കുക. തണുത്ത ശേഷമോ അല്ലാതെയോ ഇത് കഴിക്കാവുന്നതാണ്.

**ശ്രദ്ധിക്കാൻ:** മഞ്ഞക്കരു പാനിയിൽ ഒഴിക്കുമ്പോൾ പാനി നന്നായി തിളച്ചു കൊണ്ടിരിക്കണം, എങ്കിൽ മാത്രമേ നൂലുകൾ ഒട്ടിപ്പിടിക്കാതെ ലഭിക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355235/malabar-taste-in-golden-thread-muttamala-and-muttasurka-which-create-magic-with-eggs)