---
title: "വോട്ടെണ്ണലിന് ഇനി ഒമ്പത് നാൾ, രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ എൽഡിഎഫ്; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്"
english_title: "assembly elections cpm state secretariat to meet today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355110/assembly-elections-cpm-state-secretariat-to-meet-today"
published_at: "2026-04-24T08:09:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ead81d08bdb_cpim.jpg"
keywords: []
---

# വോട്ടെണ്ണലിന് ഇനി ഒമ്പത് നാൾ, രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ എൽഡിഎഫ്; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്

> **Lead Summary:** **തിരുവനന്തപുരം:** കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ഒമ്പത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടി നേതൃത്വം.

## Article Content

**തിരുവനന്തപുരം:** കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ഒമ്പത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടി നേതൃത്വം.

ജില്ലാ കമ്മിറ്റികൾ നൽകിയ താഴെത്തട്ടിലെ റിപ്പോർട്ടുകൾ യോഗം വിശദമായി പരിശോധിക്കും. കഴിഞ്ഞ തവണത്തെ 99 സീറ്റുകളിൽ ഇത്തവണ എത്ര എണ്ണം നിലനിർത്താനാകും, എവിടെയൊക്കെ തിരിച്ചടികൾക്ക് സാധ്യതയുണ്ട് എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുകയാണ് ലക്ഷ്യം.

മുൻ തെരഞ്ഞെടുപ്പിലെ വിജയങ്ങളിൽ നിന്ന് ചില മണ്ഡലങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന പ്രാഥമിക വിലയിരുത്തൽ നേരത്തെ നടന്നിരുന്നു. നഷ്ടപ്പെടാൻ സാധ്യതയുള്ള സീറ്റുകളെക്കുറിച്ചും പുതുതായി പിടിച്ചെടുക്കാൻ കഴിയുന്ന മണ്ഡലങ്ങളെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ ആഴത്തിലുള്ള ചർച്ചയുണ്ടാകും.

പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള കണ്ണൂരിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ ചില ആഭ്യന്തര പ്രശ്നങ്ങളും അവ വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും സെക്രട്ടേറിയറ്റ് പരിശോധിച്ചേക്കും.

കഴിഞ്ഞ തവണത്തെ സെക്രട്ടേറിയറ്റ് യോഗത്തിലെന്നപോലെ ഇന്നും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ലെന്നാണ് സൂചന. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ വിലയിരുത്തൽ യോഗം അതീവ നിർണ്ണായകമാണ്. മേയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.

എൽഡിഎഫ് ചരിത്രപരമായ ഹാട്രിക് വിജയം പ്രതീക്ഷിക്കുമ്പോൾ, ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സംസ്ഥാനത്ത് ഇത്തവണ അപ്രതീക്ഷിത ഫലങ്ങളുണ്ടാകുമെന്ന് എൻഡിഎ നേതാക്കളും അവകാശപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355110/assembly-elections-cpm-state-secretariat-to-meet-today)