---
title: "കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു"
english_title: "Woman dies of snake bite in Kayamkulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355089/woman-dies-of-snake-bite-in-kayamkulam-new"
published_at: "2026-04-23T21:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea41dc96eb1_women_death.jpg"
keywords: []
---

# കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

> **Lead Summary:** ആലപ്പുഴ: കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

ആലപ്പുഴ: കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സെലീന. ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പേർക്ക് ഇന്ന് പാമ്പ്കടിയേറ്റിരുന്നു. പോത്തൻകോട് വേങ്ങോട് സ്വദേശി ദുർഗ്ഗക്കാണ് പാമ്പ് കടിയേറ്റത്. വർക്കലയിൽ ആശാ വർക്കർക്കും കടിയേറ്റു. വീടിന്റെ അടുക്കളഭാഗത്ത് നിന്നാണ് ആശാ വർക്കർ ഷംനക്ക് പാമ്പ് കടിയേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

അതിനിടെ, തൃശൂർ കോടാലിയിൽ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍റെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടത്. കുട്ടി മരിച്ച ശേഷം നാലാം തവണയാണ് വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ആണ് കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. കഴിഞ്ഞദിവസവും ശംഖുവരയൻ പാമ്പിനെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

അതേസമയം, പാമ്പ് കടിയേറ്റ് രോഗി എത്തിയാൽ ഉടൻ പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക് വെനം ലഭ്യമാണ്. വീടിനുള്ളിൽ വച്ച് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355089/woman-dies-of-snake-bite-in-kayamkulam-new)