---
title: "പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ"
english_title: "Incident where an eight-year-old boy died due to a snake bite; DMO seeks report from Chirayinkeezhu Taluk Hospital Superintendent"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355046/incident-where-an-eight-year-old-boy-died-due-to-a-snake-bite-dmo-seeks-report-from-chirayinkeezhu-taluk-hospital-superintendent"
published_at: "2026-04-23T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9fa973d3f8_dead.jpg"
keywords: []
---

# പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ

> **Lead Summary:** ** ** ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ. ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തേടിയത്.

## Article Content

** ** ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ. ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തേടിയത്.

ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകന്‍ ദിക്ഷലിനാണ് ജീവന്‍ നഷ്ടമായത്. സംഭവത്തിന് ശേഷം നാട്ടുകാര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇതിനിടെയാണ് കുട്ടിയെ ആദ്യം എത്തിച്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. അടച്ചുറപ്പില്ലാത്തെ വീടിനുള്ളില്‍ മുത്തശ്ശിയോടൊപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. ഇതിനിടെയാണ് ഉറക്കത്തില്‍ നിന്ന് കുട്ടി ഞെട്ടി എണീറ്റ് തന്റെ കാലില്‍ എന്തോ കടിച്ചെന്ന് വീട്ടുകാരോട് പറഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ വീട്ടുകാര്‍ സമീപത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.

പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശവും നല്‍കി. ഇവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

കുട്ടിയുടെ കാലില്‍ പാമ്പിന്റെ കടിയേറ്റതായി ഇന്‍ക്വസ്റ്റ് നടപടികളില്‍ കണ്ടെത്തി. മരിച്ച ദിക്ഷല്‍ ചിറയിന്‍കീഴിലെ സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. ദിക്ഷലിനെ കൂടാതെ ദിലീപ്- ദമ്പതികള്‍ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355046/incident-where-an-eight-year-old-boy-died-due-to-a-snake-bite-dmo-seeks-report-from-chirayinkeezhu-taluk-hospital-superintendent)