---
title: "താലി കെട്ടിയവളെയും പറ്റിച്ചു! ഭാര്യയോടൊപ്പം കറങ്ങാനെന്ന പേരിൽ മോഷണത്തിന് പ്ലാനിംഗ്; തൊട്ടില്‍പ്പാലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ "
english_title: "Theft; Perambra police bust interstate thieves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355005/theft-perambra-police-bust-interstate-thieves-new"
published_at: "2026-04-23T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9dc509b7c6_arresr.jpg"
keywords: []
---

# താലി കെട്ടിയവളെയും പറ്റിച്ചു! ഭാര്യയോടൊപ്പം കറങ്ങാനെന്ന പേരിൽ മോഷണത്തിന് പ്ലാനിംഗ്; തൊട്ടില്‍പ്പാലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: **പകൽ ആക്രി ശേഖരിക്കാനെന്ന വ്യാജേന കറങ്ങിനടന്ന് രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് വലയിലാക്കി. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ നിന്നും മറ്റും ലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് സാധനങ്ങൾ കടത്തിയ കേസിൽ രണ്ടുപേരാണ് പിടിയിലായത്.

## Article Content

**കോഴിക്കോട്: **പകൽ ആക്രി ശേഖരിക്കാനെന്ന വ്യാജേന കറങ്ങിനടന്ന് രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് വലയിലാക്കി. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ നിന്നും മറ്റും ലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് സാധനങ്ങൾ കടത്തിയ കേസിൽ രണ്ടുപേരാണ് പിടിയിലായത്.

പുറവൂര്‍ തെക്കേടത്ത് കടവ് സ്വദേശി ചെറുപുത്തലത്ത് അര്‍ഷാദ് (26), തൊട്ടില്‍പ്പാലം മൊയിലോത്തറ സ്വദേശി പുത്തൂര്‍ വിഷ്ണു(27) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാഴ്ച മുന്‍പാണ് അര്‍ഷാദിന്റെ വിവാഹം കഴിഞ്ഞത്. മൂലാട് ഭാഗത്തു നിന്ന് കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ച് കടത്തിയ കേസിലാണ് നടപടി.

മോഷണത്തിന് ഉപയോഗിച്ച ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ ആക്രി ശേഖരിക്കാനെന്ന പേരില്‍ കറങ്ങിനടക്കുന്ന ഇവര്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളും മറ്റും നിരീക്ഷിച്ച് രാത്രി ലോറിയുമായെത്തി മോഷണം നടത്തുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.

രണ്ടാഴ്ച മുമ്പ് വിവാഹിതനായ അര്‍ഷാദ്, താന്‍ ഭാര്യയോടൊപ്പം ടൂറിലാണെന്നാണ് നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ഭാര്യവീട്ടുകാര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഈ വീട് നിരീക്ഷണത്തിലാക്കിയ പൊലീസ് തന്ത്രപരമായി പ്രതികളെ വലയിലാക്കുകയായിരുന്നു.

മൂലാട് നിന്നും ഷീറ്റുകള്‍ കയറ്റിയ ലോറി നേരിട്ട് കുറ്റ്യാടിയിലേക്ക് പോകാതെ അത്തോളി, പയ്യോളി, വടകര വഴി കറങ്ങിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. പൊലീസിന്‍റെ സിസിടിവി പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഈ നീക്കം. എന്നാല്‍ വഴിനീളെയുള്ള ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355005/theft-perambra-police-bust-interstate-thieves-new)