---
title: "സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം"
english_title: "Avoid direct sunlight, extreme caution advised"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354963/avoid-direct-sunlight-extreme-caution-advised"
published_at: "2026-04-23T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9ba57803c5_SUN.jpg"
keywords: []
---

# സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **** കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ദുരന്ത നിവാരണ അതോറിറ്റി. അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം അപകടകരമായ രീതിയിൽ വർധിക്കുന്നത് മനുഷ്യശരീരത്തിന് വലിയ ആരോഗ്യഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

## Article Content

**** കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ദുരന്ത നിവാരണ അതോറിറ്റി. അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം അപകടകരമായ രീതിയിൽ വർധിക്കുന്നത് മനുഷ്യശരീരത്തിന് വലിയ ആരോഗ്യഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. പകൽ പത്തുമണി മുതൽ മൂന്നുമണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354963/avoid-direct-sunlight-extreme-caution-advised)