---
title: "ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായല്ല; കൃത്യമായ നടപടിക്രമങ്ങളിലൂടെയെന്ന് തെളിവ്"
english_title: "Sreenadevi Kunjamma's name was not added forgedly on the ration card; evidence shows that it was done through proper procedures"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354937/sreenadevi-kunjammas-name-was-not-added-forgedly-on-the-ration-card-evidence-shows-that-it-was-done-through-proper-procedures"
published_at: "2026-04-23T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9ad22224d1_evidence_shows_that_it_was_done_through_proper_procedures.jpg"
keywords: []
---

# ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായല്ല; കൃത്യമായ നടപടിക്രമങ്ങളിലൂടെയെന്ന് തെളിവ്

> **Lead Summary:** പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവിയുടെ പേര് കാർഡിൽ ഉൾപ്പെടുത്തിയത് കൃത്യമായ നടപടിക്രമങ്ങളിലൂടെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. അപേക്ഷയ്‌ക്കൊപ്പം കാർഡ് ഉടമയുടെ സമ്മതപത്രം, ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിച്ചിരുന്നു.

## Article Content

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവിയുടെ പേര് കാർഡിൽ ഉൾപ്പെടുത്തിയത് കൃത്യമായ നടപടിക്രമങ്ങളിലൂടെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. അപേക്ഷയ്‌ക്കൊപ്പം കാർഡ് ഉടമയുടെ സമ്മതപത്രം, ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിച്ചിരുന്നു.

നേരത്തെ, ശ്രീനാദേവി വ്യാജരേഖ ചമച്ചാണ് പേര് ചേർത്തതെന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ കാർഡിൽ നിന്ന് ഇവരുടെ പേര് നീക്കം ചെയ്തിരുന്നു. എന്നാൽ, താൻ പാർട്ടി വിട്ടതിലുള്ള വൈരാഗ്യം മൂലം സിപിഐ നേതൃത്വം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തിയ പകപോക്കലാണിതെന്ന് ശ്രീനാദേവി കുറ്റപ്പെടുത്തി. വിവരാവകാശ രേഖ പുറത്തുവന്നതോടെ തന്റെ ഭാഗത്തെ സത്യസന്ധത തെളിഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയിരുന്നു. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു. നേതൃത്വവുമായി ഇടഞ്ഞാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354937/sreenadevi-kunjammas-name-was-not-added-forgedly-on-the-ration-card-evidence-shows-that-it-was-done-through-proper-procedures)