---
title: "ലക്നൗവിനെ കറക്കി വീഴ്ത്തി രാജസ്ഥാൻ; 40 റൺസിന്റെ തകർപ്പൻ ജയം"
english_title: "Rajasthan defeats Lucknow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354904/rajasthan-defeats-lucknow"
published_at: "2026-04-23T09:17:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e996b1a0e30_1.jpg"
keywords: []
---

# ലക്നൗവിനെ കറക്കി വീഴ്ത്തി രാജസ്ഥാൻ; 40 റൺസിന്റെ തകർപ്പൻ ജയം

> **Lead Summary:** **ലക്‌നൗ: [ **ഐപിഎല്ലിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം കരുത്തുറ്റ തിരിച്ചുവരവുമായി രാജസ്ഥാൻ റോയൽസ്. ഏകനാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 40 റൺസിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്.

## Article Content

**ലക്‌നൗ: [ **ഐപിഎല്ലിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം കരുത്തുറ്റ തിരിച്ചുവരവുമായി രാജസ്ഥാൻ റോയൽസ്. ഏകനാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 40 റൺസിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗ ആകട്ടെ, രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ പതറുന്നതാണ് കണ്ടത്. 18 ഓവറിൽ വെറും 119 റൺസിന് ലക്നൗ നിര കൂടാരമണഞ്ഞു.

ബാറ്റിംഗിൽ തകർച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറലും വൈഭവ് സൂര്യവൻഷിയുമെല്ലാം പെട്ടെന്ന് മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 32 റൺസ് എന്ന നിലയിലായിരുന്നു അവർ.

എന്നാൽ മധ്യനിരയിൽ രവീന്ദ്ര ജഡേജ നടത്തിയ പോരാട്ടമാണ് രാജസ്ഥാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 29 പന്തിൽ നിന്ന് 43 റൺസ് നേടിയ ജഡേജയായിരുന്നു ടീമിന്റെ ടോപ് സ്കോറർ. റിയാൻ പരാഗ്, ഷിംറോൺ ഹെറ്റ്‌മെയർ, ഡോണോവൻ ഫെരേര എന്നിവരുടെ ചെറിയ സംഭാവനകളും അവസാന ഓവറുകളിൽ ശുഭം ദുബെയുടെ പ്രകടനവുമാണ് സ്കോർ 160-ൽ എത്തിക്കാൻ സഹായിച്ചത്.

ലക്നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മുഹ്‌സിൻ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 55 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷ് മാത്രമാണ് ലക്നൗ നിരയിൽ പൊരുതി നോക്കിയത്.

നിക്കോളാസ് പുരാനും ഹിമത് സിംഗും ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ആയുഷ് ബദോനി, ക്യാപ്റ്റൻ ഋഷഭ് പന്ത്, എയ്ഡൻ മാർക്രം എന്നിവർ പൂജ്യത്തിന് പുറത്തായത് ലക്നൗവിന് തിരിച്ചടിയായി.

മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആർച്ചറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ്മ എന്നിവരും ചേർന്നാണ് ലക്നൗവിന്റെ നടുവൊടിച്ചത്. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, എട്ട് പോയിന്റുമായി ലക്നൗ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354904/rajasthan-defeats-lucknow)