---
title: "ജീവനക്കാർക്ക് തോന്നിയ സംശയം, കോഴിക്കോട്  മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ"
english_title: "Man arrested for trying to defraud by pawning a piece of property in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354869/man-arrested-for-trying-to-defraud-by-pawning-a-piece-of-property-in-kozhikode"
published_at: "2026-04-22T21:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8f269047cb_arrest.jpg"
keywords: []
---

# ജീവനക്കാർക്ക് തോന്നിയ സംശയം, കോഴിക്കോട്  മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട്: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാളെ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കോഴിക്കോട് കല്ലായിയിലാണ് സംഭവം. കുന്നമംഗലം കാരന്തൂര്‍ സ്വദേശി കുഴിമ്പായില്‍ വീട്ടില്‍ ഷംസു റഹ്‌മാന്‍ ആണ് പിടിയിലായത്.

## Article Content

കോഴിക്കോട്: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാളെ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കോഴിക്കോട് കല്ലായിയിലാണ് സംഭവം. കുന്നമംഗലം കാരന്തൂര്‍ സ്വദേശി കുഴിമ്പായില്‍ വീട്ടില്‍ ഷംസു റഹ്‌മാന്‍ ആണ് പിടിയിലായത്.

കല്ലായിയിലെ മിനി മുത്തൂറ്റ് നിധി എന്ന കമ്പനിയിലാണ് ഇയാള്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയത്. ആഭരണം കണ്ട ജീവനക്കാര്‍ക്ക് ഇത് സ്വർണം തന്നെയാണോയെന്ന് സംശയം തോന്നി. തുടര്‍ന്ന് ആഭരണത്തിൻ്റെ മാറ്റ് നോക്കാന്‍ ആരംഭിച്ചു.

ഇതു കണ്ട് പരുങ്ങി നിന്ന ഷംസു റഹ്‌മാൻ, കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. അതേസമയം മുന്‍പ് രണ്ട് തവണകളിലായി 89,500 രൂപയ്ക്കും 1,66,000 രൂപയ്ക്കും ഇയാള്‍ ഇതേ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പന്നിയങ്കര പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ അമല്‍ ജോസ്, എ എസ്‌ ഐ ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനാഥ് എന്നിവർ സ്ഥലത്തെത്തി ഷംസു റഹ്‌മാനെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354869/man-arrested-for-trying-to-defraud-by-pawning-a-piece-of-property-in-kozhikode)