---
title: "പത്തനംതിട്ടയിൽ ചൂട് കടുക്കുന്നു; അവധിക്കാല ക്ലാസുകൾക്ക് കളക്ടറുടെ വിലക്ക്"
english_title: "Heatwave in Pathanamthitta; Collector bans vacation classes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354811/heatwave-in-pathanamthitta-collector-bans-vacation-classes"
published_at: "2026-04-22T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8962f01293_REWDS.jpg"
keywords: []
---

# പത്തനംതിട്ടയിൽ ചൂട് കടുക്കുന്നു; അവധിക്കാല ക്ലാസുകൾക്ക് കളക്ടറുടെ വിലക്ക്

> **Lead Summary:** പത്തനംതിട്ട : **[**പത്തനംതിട്ട ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് കർശന നടപടി.

## Article Content

പത്തനംതിട്ട : **[**പത്തനംതിട്ട ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് കർശന നടപടി.

സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും എല്ലാ വേനൽക്കാല ക്ലാസുകളും താൽക്കാലികമായി നിരോധിച്ചു. സംസ്ഥാനത്ത് ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നിലവിൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് (യെല്ലോ അലേർട്ട്) നൽകിയിട്ടുണ്ട്:

പാലക്കാട് 40°C (ഏറ്റവും ഉയർന്ന ചൂട്) കൊല്ലം 39°C ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ചൂട് കടുക്കുമെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ .

വീടിന് പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

 പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354811/heatwave-in-pathanamthitta-collector-bans-vacation-classes)