---
title: "ശാരീരികബന്ധത്തിലേർപ്പെടാമെന്ന വ്യാജേന കൈ കാലുകൾ കെട്ടിയിട്ടു; ബെംഗളൂരുവിൽ  വിവാഹാഭ്യർത്ഥന നിരസിച്ച കാമുകനെ തീകൊളുത്തിയ സംഭവം, ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ "
english_title: " details of girlfriend setting boyfriend on fire after rejecting his marriage proposal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354761/details-of-girlfriend-setting-boyfriend-on-fire-after-rejecting-his-marriage-proposal"
published_at: "2026-04-22T12:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e86f029e940_crime.jpg"
keywords: []
---

# ശാരീരികബന്ധത്തിലേർപ്പെടാമെന്ന വ്യാജേന കൈ കാലുകൾ കെട്ടിയിട്ടു; ബെംഗളൂരുവിൽ  വിവാഹാഭ്യർത്ഥന നിരസിച്ച കാമുകനെ തീകൊളുത്തിയ സംഭവം, ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ 

> **Lead Summary:** **ബെംഗളൂരു: **കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി കാമുകി തീകൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച അഞ്ജനനഗറിലുള്ള പ്രേമയുടെ വീട്ടിൽവെച്ചാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രതിയായ പ്രേമ കൃത്യമായ ആസൂത്രണത്തോടെയാണ് കാമുകനായ കിരണിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് .

## Article Content

**ബെംഗളൂരു: **കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി കാമുകി തീകൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച അഞ്ജനനഗറിലുള്ള പ്രേമയുടെ വീട്ടിൽവെച്ചാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രതിയായ പ്രേമ കൃത്യമായ ആസൂത്രണത്തോടെയാണ് കാമുകനായ കിരണിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് .

ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ തുമകുരു സ്വദേശി കിരണിനെ(27) കൈകാലുകളും കണ്ണും കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്.

പ്രേമയും കിരണും ബെംഗളൂരു രാജാജിനഗറിലെ ഒരു മൊബൈൽ കമ്പനി സ്റ്റോറിലെ ജീവനക്കാരാണ്. രണ്ടുവർഷമായി ഇരുവരും അടുപ്പത്തിലാണെന്നാണ് വിവരം. എന്നാൽ, അടുത്തിടെ പ്രേമയുടെ വിവാഹാഭ്യർഥന കിരൺ നിരസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച പ്രേമ കിരണിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടുകാരെല്ലാം ജോലിക്ക് പോയശേഷമാണ് യുവതി കിരണിനെ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടത്. വീട്ടിൽ ആരുമില്ലെന്നും വന്നാൽ ഒരു 'സർപ്രൈസ്' തരാമെന്നും പറഞ്ഞാണ് പ്രേമ വിളിച്ചുവരുത്തിയത്. ഒരുമിച്ച് സമയം ചിലവഴിക്കാമെന്നും വാഗ്ദാനം നൽകി. ഇതോടെ നെലമംഗലയിലേക്ക് പോവുകയായിരുന്ന കിരൺ നേരേ പ്രേമയുടെ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തിയ കിരണിനെ പ്രതി തന്ത്രപൂർവമാണ് കൈകാര്യംചെയ്തത്. ശാരീരികബന്ധത്തിലേർപ്പെടാമെന്ന വ്യാജേന കൈയും കാലുകളും കെട്ടിയിട്ടു. കണ്ണും മൂടിക്കെട്ടി. ഇതെല്ലാം തനിക്കിഷ്ടപ്പെട്ട രീതിയിലുള്ള ശാരീരികബന്ധത്തിന്റെ ഭാഗമാണെന്നാണ് യുവതി വിശ്വസിപ്പിച്ചത്. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ പ്രതി നേരത്തേ കരുതിവെച്ചിരുന്ന പെട്രോൾ യുവാവിന്റെ ദേഹത്ത് ഒഴിച്ച് യുവാവിനെ തീകൊളുത്തുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.

യുവതിയുടെ വീട്ടിൽനിന്ന് നിലവിളി കേൾക്കുകയും പുകവരുന്നത് കാണുകയുംചെയ്ത അയൽക്കാരാണ് അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിച്ചത്. എന്നാൽ, അഗ്നിരക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും കിരൺ വെന്തുമരിച്ചിരുന്നു.

ആൺസുഹൃത്തായ കിരൺ തന്റെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രേമ ആദ്യം പോലീസിന് മൊഴിനൽകിയിരുന്നത്. സംഭവം നടക്കുമ്പോൾ താൻ കുളിമുറിയിലായിരുന്നുവെന്നും നിലവിളി കേട്ടാണ് സംഭവമറിഞ്ഞതെന്നും പറഞ്ഞിരുന്നു. എന്നാൽ, യുവതിയുടെ പരസ്പരവിരുദ്ധമായ മൊഴിയിൽ പോലീസിന് സംശയമുണ്ടായി. മാത്രമല്ല, മണ്ണെണ്ണയോ പെട്രോളോ നേരത്തേതന്നെ വീട്ടിൽ സൂക്ഷിച്ചിരുന്നതിന്റെ തെളിവും കണ്ടെത്തി. ഇതിനിടെ, യുവതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചത്.

യുവാവിനെ തീകൊളുത്തിയ ശേഷം ഇതിന്റെ ദൃശ്യങ്ങൾ പ്രേമ മൊബൈൽഫോണിൽ പകർത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. യുവാവ് കണ്മുന്നിൽ കത്തിച്ചാമ്പലാകുന്ന ദൃശ്യങ്ങളാണ് യുവതി ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നത്. ഇത് പോലീസ് കണ്ടെടുത്തതോടെ യുവതിക്ക് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354761/details-of-girlfriend-setting-boyfriend-on-fire-after-rejecting-his-marriage-proposal)