---
title: "തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്"
english_title: "Another child bitten by a snake in Thrissur Shankhuvaraya was bitten in the toilet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354739/another-child-bitten-by-a-snake-in-thrissur-shankhuvaraya-was-bitten-in-the-toilet"
published_at: "2026-04-22T10:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e85d077db7b_snake_bite.jpg"
keywords: []
---

# തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്

> **Lead Summary:** തൃശൂർ: തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിൻ്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്. വീട്ടിലെ ശുചിമുറിയിൽ വച്ച് ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.

## Article Content

തൃശൂർ: തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിൻ്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്. വീട്ടിലെ ശുചിമുറിയിൽ വച്ച് ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.

കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത് റൂമിൻ്റെ വെൻ്റിലേഷൻ വഴി പാമ്പ് കയറിയെന്നാണ് സംശയം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞദിവസമാണ് കൊടകരയിൽ എട്ട് വയസുകാരൻ ആൽജോ പാമ്പ് കടിയേറ്റ് മരിച്ചത്. കാവുങ്ങൽ സ്വദേശി സിൽജോയുടെ മകനാണ്. ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രിയിൽ തുടരുകയാണ്. കുട്ടിക്ക് ഭക്ഷ്യവിഷബാധയെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.

എന്നാൽ ഡോക്ടർമാർക്ക് സംശയം തോന്നുകയും കുടുംബത്തോട് വീട് പരിശോധിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.

കനത്ത ചൂടിനിടെ മഴ പെയ്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ കൂട്ടത്തോടെ പുറത്തുവരുന്ന സമയമാണ്. ഉഗ്ര വിഷമുള്ള മൂർഖൻ, ശംഖുവരയൻ പോലുള്ള പാമ്പുകളുടെ സഞ്ചാര സമയം കൂടിയാണ് ഇപ്പോൾ. അതുകൊണ്ട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശംഖ് വരയൻ പാമ്പുകൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങില്ല.

രാത്രികാലങ്ങളിലാണ് അവയുടെ സഞ്ചാരം. അപകടകാരിയായ ശംഖുവരയനെ പിടികൂടുക എന്നതും ദുഷ്കരമാണ്. ഇവയ്ക്ക് ചെറിയ പല്ലുകൾ ആയതിനാൽ കടിച്ച് കഴിഞ്ഞാൽ അറിയാൻ സാധിക്കില്ല. ചെറിയ വേദന മാത്രമേ ഉണ്ടാവൂ, പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ കാട്ടാത്തതിനാൽ, പലപ്പോഴും ചികിത്സ വൈകാറുണ്ട്. ഇതാണ് പലരുടെയും മരണത്തിന് കാരണമാകുന്നത്.

**പാമ്പ് വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ**

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

ടൈലിലൂടെയും ചുവരിലൂടെയും പാമ്പിന് ഇഴയാൻ കഴിയില്ലെന്ന വാദം തെറ്റാണ്. അതിനാൽ ജനലും വാതിലും തുറന്ന് ഇടാതിരിക്കുക.

വീടിനോട് ചേർന്ന് വിറക് കൂട്ടിയിടാതിരിക്കുക

ഇൻഡോർ പ്ലാൻുകൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക

ചെടികൾ നട്ടുപിടിപ്പിക്കുമ്പോൾ കാട് പിടിക്കാതെ. അകലം പാലിച്ച് വൃത്തിയായി വയ്ക്കുക

പടർന്ന് പന്തലിക്കുന്ന ചെടികൾ വീടിനോട് ചേർന്ന് വളർത്താതിരിക്കുക

വീടിൽ നിന്ന് പുറത്തേക്ക് വെള്ളം വരുന്ന പൈപ്പുകൾ ശ്രദ്ധിക്കണം

തുറന്നിരിക്കുന്ന ദ്വാരങ്ങൾ അടയ്ക്കുക

ഷൂസും, ഹെൽമെറ്റും ധരിക്കുമ്പോൾ നിലത്ത് തട്ടിയ ശേഷം ഉപയോഗിക്കുക

**പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

പാമ്പ് കടിയേറ്റയാളെ ടെൻഷൻ അടിപ്പിക്കരുത്

പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിക്കാതെ ആശുപത്രിയിലെത്തിക്കുക

മുറിവിലെ രക്തം പിഴിഞ്ഞ് കളയാൻ ശ്രമിക്കരുത്

അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തുക( ഇപ്പോൾ എല്ലാ സർക്കാർ ആശുപത്രികളിലും ആൻ്റിവെനം മരുന്ന് ലഭ്യമാണ്)

രോഗിയെ എത്തിച്ചാൽ ഉടനെ ഡോക്ടർമാർ രക്തം കട്ടപിടിച്ച സമയം ചെക്ക് ചെയ്യും. ഇതിന് ശേഷം ആൻ്റിവെനം നൽകേണ്ട രോഗിയാണെങ്കിൽ ഉടൻ തന്നെ ആൻ്റിവെനം നൽകും.

കടിച്ച പാമ്പിൻ്റെ പുറകെ പോയി രോഗി ആശുപത്രിയിലെത്തിക്കാൻ വൈകരുത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354739/another-child-bitten-by-a-snake-in-thrissur-shankhuvaraya-was-bitten-in-the-toilet)