---
title: "വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി ആശുപത്രി വിട്ടു; പാങ്ങ് സ്‌കൂളിൽ പുതിയ അധ്യാപകർ ഇന്ന് ചുമതലയേൽക്കും"
english_title: "Ten-year-old girl injured in Valparai tragedy discharged from hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354722/ten-year-old-girl-injured-in-valparai-tragedy-discharged-from-hospital"
published_at: "2026-04-22T10:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8519b95c5d_4.jpg"
keywords: []
---

# വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി ആശുപത്രി വിട്ടു; പാങ്ങ് സ്‌കൂളിൽ പുതിയ അധ്യാപകർ ഇന്ന് ചുമതലയേൽക്കും

> **Lead Summary:** **പെരിന്തൽമണ്ണ: [**വാൽപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്കിടയിൽനിന്ന് അതിജീവനത്തിന്റെ ആശ്വാസവാർത്തകളുമായി പാങ്ങ് ഗ്രാമം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.

## Article Content

**പെരിന്തൽമണ്ണ: [**വാൽപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്കിടയിൽനിന്ന് അതിജീവനത്തിന്റെ ആശ്വാസവാർത്തകളുമായി പാങ്ങ് ഗ്രാമം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.

അപകടത്തിൽപ്പെട്ട പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രി വിട്ടതും വിദ്യാലയത്തിലേക്ക് പുതിയ അധ്യാപകർ എത്തുന്നതും നാടിന് നേരിയ ആശ്വാസം പകരുകയാണ്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നാല് ദിവസമായി ചികിത്സയിലായിരുന്ന മസ്‌നീൻ പൂർണ്ണ ആരോഗ്യവതിയായാണ് വീട്ടിലേക്ക് മടങ്ങിയത്.

വയറ്റിലെ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് സർജിക്കൽ ഐ.സി.യു.വിൽ കഴിഞ്ഞിരുന്ന കുട്ടി അച്ഛൻ അബ്ദുൾ ഹക്കീമിനൊപ്പം പാങ്ങിലെ വീട്ടിലെത്തി. എങ്കിലും, അപകടത്തിൽ തന്റെ പ്രിയപ്പെട്ട ഉമ്മയും അധ്യാപികയുമായ ഷക്കീല മരിച്ച വിവരം മസ്‌നീനെ ഇതുവരെ അറിയിച്ചിട്ടില്ല.

കുട്ടിയുടെ മാനസികാവസ്ഥ പരിഗണിച്ചും വിദഗ്ധരുടെ നിർദ്ദേശപ്രകാരവും ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം മാത്രമേ ഈ വിവരം പങ്കുവെക്കുകയുള്ളൂ. 13-ാം വളവിൽനിന്ന് താഴേക്ക് പതിച്ച വാഹനത്തിൽനിന്ന് അത്ഭുതകരമായാണ് മസ്‌നീനെ രക്ഷപ്പെടുത്തിയത്.

അതേസമയം, പ്രിയപ്പെട്ട അധ്യാപകരെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട പാങ്ങിലെ ജനതയ്ക്ക് കരുത്തുപകരാൻ നാട്ടുകാരും അധികൃതരും ഒത്തുചേരുകയാണ്. ദുരന്തം ഏൽപ്പിച്ച മാനസികാഘാതത്തിൽനിന്ന് കുട്ടികളെയും മുതിർന്നവരെയും മുക്തമാക്കാൻ കുറുവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക കൗൺസലിംഗ് പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു.

പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ മാനസികാരോഗ്യ വിദഗ്ധരും ജനപ്രതിനിധികളും പങ്കെടുത്തു. ദുരന്തബാധിതർക്ക് സാമൂഹികമായ പിന്തുണ ഉറപ്പാക്കുമെന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന മാനസിക വിഷമങ്ങൾ നേരിടാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ സലാം പാലത്തിങ്ങൽ വ്യക്തമാക്കി.

അഞ്ച് അധ്യാപകരെ ഒരേദിവസം നഷ്ടപ്പെട്ട പള്ളിപ്പടി ജി.എൽ.പി. സ്‌കൂളിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായുള്ള നടപടികളും വേഗത്തിലായി. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക ഉത്തരവിലൂടെ നിയമിക്കപ്പെട്ട പുതിയ അധ്യാപകർ ബുധനാഴ്ച ചുമതലയേൽക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പുതിയ അധ്യാപകരെ സ്വീകരിക്കും. സേവനമനോഭാവത്തോടെ സ്വയം സന്നദ്ധരായി എത്തിയവരാണ് ഈ അധ്യാപകർ എന്നത് പാങ്ങ് ഗ്രാമത്തിന്റെ മുറിവുകൾ ഉണക്കുന്നതിൽ വലിയ പങ്കുവഹിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354722/ten-year-old-girl-injured-in-valparai-tragedy-discharged-from-hospital)