---
title: "യേശുദാസിന്റെ മരണം: കേക്ക് നൽകിയതിലും സ്വത്ത് മാറ്റിയതിലും ദുരൂഹത; കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി"
english_title: "Yesudas' death, grave opened and postmortem conducted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354610/yesudas-death-grave-opened-and-postmortem-conducted"
published_at: "2026-04-21T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e73f1a555e0_dead.jpg"
keywords: []
---

# യേശുദാസിന്റെ മരണം: കേക്ക് നൽകിയതിലും സ്വത്ത് മാറ്റിയതിലും ദുരൂഹത; കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി

> **Lead Summary:** **ആലപ്പുഴ: ** ചെങ്ങന്നൂർ പുലിയൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ സ്വദേശി 74 കാരൻ യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനാണ് മരുമകളുടെ പരാതിയിൽ കല്ലറ തുറന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കൂടി വന്നാലേ കേസിൽ വ്യക്തത വരൂ.

## Article Content

**ആലപ്പുഴ: ** ചെങ്ങന്നൂർ പുലിയൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ സ്വദേശി 74 കാരൻ യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനാണ് മരുമകളുടെ പരാതിയിൽ കല്ലറ തുറന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കൂടി വന്നാലേ കേസിൽ വ്യക്തത വരൂ.

കഴിഞ്ഞ മാർച്ച് 20ന് മരിച്ച യേശുദാസിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. പുലിയൂർ പള്ളിയിലെ സെല്ലാര്‍ പൊളിച്ചായിരുന്നു നടപടി. വീട്ടിൽ വെച്ച് അവശനിലയിലായ യേശുദാസ് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല.

രക്തം ഛർദ്ദിച്ച് കൈവിരലുകൾ കരിനീലിച്ച നിലയിലായിരുന്നു എന്നാണ് മരുമകളുടെ ആരോപണം. മരിക്കുന്നതിന് മൂന്ന് മാസം മുൻപ് സ്വത്തു വകകൾ യേശുദാസിന്റെ സഹോദരൻ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും ഒട്ടേറെ രേഖകൾ കാണാതായതായും മരുമകൾ ആരോപിച്ചു. ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും മാറ്റിയെന്നാണ് മരുമകള്‍ ലീന പറയുന്നത്.

വീട്ടിലെ ജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് മരണം എന്നാണ് ആരോപണം. പ്രായാധിക്യത്തിന്റെ അവശതകളുള്ള യേശുദാസിനെ പരിചരിച്ചിരുന്നത് ജോലിക്കാരിയായിരുന്നു. മരിച്ച യേശുദാസ് ഭോപ്പാലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു മകനും മകളുമുണ്ട്. മകൻ 2017ൽ മരിച്ചു. ഭാര്യ 2024 ലും മരിച്ചു. മകളും മരുമകളും വിദേശത്താണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്മാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354610/yesudas-death-grave-opened-and-postmortem-conducted)