---
title: "ഇറാൻ-അമേരിക്ക വെടിനിർത്തൽ നാളെ അവസാനിക്കും; ചർച്ചകൾ വഴിമുട്ടുന്നു, യുദ്ധഭീതിയിൽ ലോകം"
english_title: "Iran-US ceasefire ends tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354568/iran-us-ceasefire-ends-tomorrow"
published_at: "2026-04-21T12:17:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e71fad335aa_8.jpg"
keywords: []
---

# ഇറാൻ-അമേരിക്ക വെടിനിർത്തൽ നാളെ അവസാനിക്കും; ചർച്ചകൾ വഴിമുട്ടുന്നു, യുദ്ധഭീതിയിൽ ലോകം

> **Lead Summary:** **ടെഹ്റാൻ: [** ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെ, മേഖലയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു.

## Article Content

**ടെഹ്റാൻ: [** ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെ, മേഖലയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു.

വെടിനിർത്തൽ നീട്ടാൻ വൈറ്റ് ഹൗസ് തയ്യാറാവില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ ആശങ്ക ശക്തമായി. സമാധാന ചർച്ചകൾക്കായി പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നുണ്ടെങ്കിലും ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധത്തെച്ചൊല്ലിയുള്ള തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെ വഴിമുട്ടിച്ചിരിക്കുകയാണ്.

നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻ കർശന നിലപാട് സ്വീകരിക്കുമ്പോൾ, സമാധാന ധാരണയുണ്ടാകാതെ ഉപരോധം നീക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി.

സമവായ ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇറാന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.

യുദ്ധം തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കിൽ തങ്ങളുടെ പക്കൽ ഇനിയും പുറത്തെടുക്കാത്ത പുതിയ അടവുകളുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് മുന്നറിയിപ്പ് നൽകി.

അതിനിടെ, ചൈനയിൽ നിന്ന് ഇറാനിലേക്ക് പോവുകയായിരുന്ന കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്ത സംഭവത്തിൽ ദുരൂഹത തുടരുകയാണ്. മിസൈൽ നിർമ്മാണത്തിനാവശ്യമായ ആയുധ സാമഗ്രികൾ കപ്പലിലുണ്ടായിരുന്നുവെന്ന പ്രചാരണം ശക്തമാണെങ്കിലും ഇറാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കപ്പൽ പിടിച്ചെടുത്ത നടപടിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ ആവർത്തിച്ചു. ഇതുവരെയുള്ള നടപടികൾ വിജയമെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ, അമേരിക്കയുടെ ലക്ഷ്യങ്ങൾ തകർത്തത് തങ്ങളുടെ വിജയമാണെന്നാണ് ഇറാന്റെ പക്ഷം.

അവസാന മണിക്കൂറുകളിൽ അപ്രതീക്ഷിത നീക്കങ്ങളുണ്ടായാൽ മാത്രമേ സമാധാന ചർച്ചകൾക്ക് ഇനി സാധ്യതയുള്ളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354568/iran-us-ceasefire-ends-tomorrow)