---
title: "ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ"
english_title: "Hyderabad to face Delhi in IPL today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354520/hyderabad-to-face-delhi-in-ipl-today"
published_at: "2026-04-21T09:22:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6f4e06b494_1.jpg"
keywords: []
---

# ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ

> **Lead Summary:** **ഹൈദരാബാദ്: [ **ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.

## Article Content

**ഹൈദരാബാദ്: [ **ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കൂറ്റൻ സ്കോർ അടിച്ചുകൂട്ടിയ ശേഷം എതിരാളികളെ എറിഞ്ഞിട്ട സൺറൈസേഴ്‌സ്, ബൗളർമാർ കൂടി ഫോമിലായതോടെ വലിയ ആത്മവിശ്വാസത്തിലാണ്. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയെത്തുന്ന ഡൽഹി ക്യാപിറ്റൽസ് വിജയത്തുടർച്ചയാണ് ലക്ഷ്യമിടുന്നത്.

ബാറ്റിംഗിനെ തുണയ്ക്കുന്ന ഹൈദരാബാദിലെ പിച്ചിൽ റൺമഴയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ട്രാവിസ് ഹെഡ് ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ലെങ്കിലും അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് ഹൈദരാബാദിന് കരുത്താകുന്നു.

ഇഷാൻ മലിംഗ, പ്രഫുൽ ഹിംഗെ, സാകിബ് ഹുസൈൻ എന്നിവരടങ്ങുന്ന പേസ് നിരയും നിതീഷ് കുമാർ റെഡ്ഡിയുടെ ഓൾറൗണ്ട് മികവും ക്യാപ്റ്റൻ ഇഷാൻ കിഷന് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്.

ഡൽഹി നിരയിൽ കെ.എൽ രാഹുൽ ഫോമിലേക്ക് തിരിച്ചെത്തിയത് ഓപ്പണിംഗിലെ ആശങ്കകൾക്ക് പരിഹാരമായിട്ടുണ്ട്. പതും നിസ്സങ്ക നൽകുന്ന മികച്ച തുടക്കവും സമീർ റിസ്‌വിയുടെ സാന്നിധ്യവും ഡൽഹിയുടെ സ്കോർ ബോർഡ് ഉയർത്താൻ സഹായിക്കും.

ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ എന്നിവരിലാണ് ടീമിന്റെ ഫിനിഷിംഗ് പ്രതീക്ഷകൾ. ലുംഗി എൻഗിഡി, ടി. നടരാജൻ, മുകേഷ് കുമാർ എന്നിവരടങ്ങുന്ന പേസ് ത്രയത്തിനൊപ്പം അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുടെ സ്പിൻ കൂട്ടുകെട്ടും മത്സരത്തിൽ നിർണ്ണായകമാകും.

ഇതുവരെ 26 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 13 ജയവുമായി ഹൈദരാബാദും 12 ജയവുമായി ഡൽഹിയും ഒപ്പത്തിനൊപ്പമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354520/hyderabad-to-face-delhi-in-ipl-today)