---
title: "ജോലി വാഗ്ദാനം ചെയ്ത് വഞ്ചന, കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ"
english_title: "Human trafficking to Cambodia Kollam native arrested in Nedumbassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354485/human-trafficking-to-cambodia-kollam-native-arrested-in-nedumbassery"
published_at: "2026-04-20T22:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e65e3f0fab1_arrest4.jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് വഞ്ചന, കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൊല്ലം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

> **Lead Summary:** നെടുമ്പാശ്ശേരി: കംബോഡിയയിൽ കോൾ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനധികൃതമായി വിദേശത്തേക്ക് കടത്തുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ശക്തികുളങ്ങര നന്മ നഗർ ജബനീൽ വീട്ടിൽ ലിയോൺ ജേക്കബിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

നെടുമ്പാശ്ശേരി: കംബോഡിയയിൽ കോൾ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനധികൃതമായി വിദേശത്തേക്ക് കടത്തുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ശക്തികുളങ്ങര നന്മ നഗർ ജബനീൽ വീട്ടിൽ ലിയോൺ ജേക്കബിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.

വാഗ്ദാനം ചെയ്ത ജോലി നൽകാതെ വഞ്ചിച്ചതിന് പുറമെ, നാട്ടിലേക്ക് മടങ്ങാൻ യുവതികളിൽനിന്ന് ഇയാൾ പണം ഈടാക്കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിൽ പ്രതി വിദേശത്താണെന്ന് വ്യക്തമായതിനെത്തുടർന്ന് ഇയാൾക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാസേന തടഞ്ഞുവെച്ച് കൈനടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷിന്റെ നിർദേശപ്രകാരം കൈനടി ഇൻസ്പെക്ടർ ശ്യാംജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അംശു, സജിമോൻ, ഹനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജാസ്മിൻ, സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ്, രജീഷ് എന്നിവരടങ്ങിയ സംഘമാണ് നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354485/human-trafficking-to-cambodia-kollam-native-arrested-in-nedumbassery)