---
title: "വിഷ്ണുവിനെ കുടുക്കിയത് 'എംപോക്കറ്റ്'; എടുത്തതിൽ കൂടുതൽ പണം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു"
english_title: "Ayanjary native Vishnu's disappearance, loan taken from mPocket loan app"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354455/ayanjary-native-vishnus-disappearance-loan-taken-from-mpocket-loan-app"
published_at: "2026-04-20T17:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6119271a72_fds.jpg"
keywords: []
---

# വിഷ്ണുവിനെ കുടുക്കിയത് 'എംപോക്കറ്റ്'; എടുത്തതിൽ കൂടുതൽ പണം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു

> **Lead Summary:** **കോഴിക്കോട്: ** ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ആയഞ്ചേരി സ്വദേശി വിഷ്ണു നാടുവിട്ട സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. 'എംപോക്കറ്റ്' എന്ന ലോൺ ആപ്പിൽ നിന്നാണ് വിഷ്ണു പണമെടുത്തതെന്ന് പോലീസ് കണ്ടെത്തി. എടുത്ത തുകയെക്കാൾ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതാണ് വിഷ്ണുവിനെ നാടുവിടാൻ പ്രേരിപ്പിച്ചത്.

## Article Content

**കോഴിക്കോട്: ** ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ആയഞ്ചേരി സ്വദേശി വിഷ്ണു നാടുവിട്ട സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. 'എംപോക്കറ്റ്' എന്ന ലോൺ ആപ്പിൽ നിന്നാണ് വിഷ്ണു പണമെടുത്തതെന്ന് പോലീസ് കണ്ടെത്തി. എടുത്ത തുകയെക്കാൾ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതാണ് വിഷ്ണുവിനെ നാടുവിടാൻ പ്രേരിപ്പിച്ചത്.

ആപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നും പൊലീസ് അറിയിച്ചു. വിഷ്ണുവിന്റെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. മോര്‍ഫ് ചെയ്ത സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പരിശോധിക്കും. ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ വിഷ്ണുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് വിഷ്ണു മൊഴി നല്‍കി. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളില്‍ താമസിച്ചുവെന്നും ഉടുപ്പിയില്‍ വെച്ച് ഫോണ്‍ മോഷണം പോയെന്നും വിഷ്ണു പറഞ്ഞു. വഴിയില്‍ കണ്ട മലയാളികള്‍ വെള്ളവും ഭക്ഷണവും നല്‍കിയെന്നും വിഷ്ണു മൊഴി നല്‍കി.

ഏപ്രില്‍ പതിമൂന്നാം തീയതിയായിരുന്നു വിഷ്ണുവിനെ കാണാതായത്. ലോണ്‍ ആപ്പില്‍ നിന്ന് പതിനായിരം രൂപയായിരുന്നു വിഷ്ണു ലോണ്‍ എടുത്തത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ഭീഷണി ഉയരുകയും ചെയ്തതോടെയാണ് വിഷ്ണു നാടുവിട്ടത്.

ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വിഷ്ണു നാട്ടിലേക്ക് മടങ്ങിവരികയായിരുന്നു. നേത്രാവദി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ വിഷ്ണു സഹയാത്രികന്റെ ഫോണില്‍ നിന്ന് സഹോദരനെ വിളിച്ചിരുന്നു. നാട്ടിലേക്ക് വരാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. എന്നാല്‍ വീട്ടിലെ സാഹചര്യങ്ങള്‍ അടക്കം പറഞ്ഞതോടെ നാട്ടിലേക്ക് മടങ്ങിവരാന്‍ വിഷ്ണു തീരുമാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354455/ayanjary-native-vishnus-disappearance-loan-taken-from-mpocket-loan-app)