---
title: "സന്തോഷവതിയായിരുന്നു പിന്നെന്തു പറ്റി...? വിഷു ആഘോഷിക്കാൻ വീട്ടിലെത്തിയ നവവധു തൂങ്ങിമരിച്ച നിലയിൽ"
english_title: "Newlywed found hanging after returning home to celebrate Vishu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354381/newlywed-found-hanging-after-returning-home-to-celebrate-vishu"
published_at: "2026-04-20T13:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5d88dd4f5f_hanged.jpg"
keywords: []
---

# സന്തോഷവതിയായിരുന്നു പിന്നെന്തു പറ്റി...? വിഷു ആഘോഷിക്കാൻ വീട്ടിലെത്തിയ നവവധു തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** ആലുവ: സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയ നവവധു മരിച്ച നിലയിൽ. തൃശൂർ രാമവർമപുരം കുറ്റിമുക്ക് ചിറയത്ത് ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ യെയാണ് കീഴ്മാട് മാടപ്പിള്ളിത്താഴത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

ആലുവ: സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയ നവവധു മരിച്ച നിലയിൽ. തൃശൂർ രാമവർമപുരം കുറ്റിമുക്ക് ചിറയത്ത് ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ യെയാണ് കീഴ്മാട് മാടപ്പിള്ളിത്താഴത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിനു സമീപം ഇഞ്ചിക്കപ്പറമ്പിൽ മോഹനന്റെ മകളാണ്. വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിൽ ശനിയാഴ്ച വൈകിട്ടാണ് കണ്ടത്. ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു വിവാഹം. 2 മാസത്തെ അവധിക്ക് ശേഷം ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്കു തിരിച്ചുപോയി. കഴിഞ്ഞ 14നാണ് കൃഷ്ണപ്രിയ വീട്ടിലെത്തിയത്. ഇന്നലെ തൃശൂരിലെ വീട്ടിലേക്കു പോകാനായി ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പാടാക്കിയിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരൻ ഉണ്ണിക്കൊപ്പം ഭക്ഷണം കഴിക്കുമ്പോഴും സന്തോഷവതിയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തൃശൂരിലെ ഭർതൃസഹോദരിയുടെ കുട്ടികൾക്ക് നൽകാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ദുരൂഹതകളൊന്നുമില്ലെന്നും ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354381/newlywed-found-hanging-after-returning-home-to-celebrate-vishu)