---
title: "വിഷ്ണു എവിടെ?  കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനായി കർണാടകയിൽ വ്യാപക തിരച്ചിൽ; വടകര ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്"
english_title: "Vadakara Ayanjary native Vishnu's disappearance, investigation extends to neighboring states"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354310/vadakara-ayanjary-native-vishnus-disappearance-investigation-extends-to-neighboring-states"
published_at: "2026-04-20T09:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5a6e9e44c5_vishnu.jpg"
keywords: []
---

# വിഷ്ണു എവിടെ?  കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനായി കർണാടകയിൽ വ്യാപക തിരച്ചിൽ; വടകര ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **കോഴിക്കോട്: **ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനായുള്ള അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് കേരള പോലീസ്.

## Article Content

**കോഴിക്കോട്: **ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനായുള്ള അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് കേരള പോലീസ്.

കാസർകോട് ബേക്കലിൽ വെച്ച് വിഷ്ണുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് മംഗലാപുരം, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്

സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിഷ്ണു സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഷ്ണുവിനെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു . വടകര ബസ് സ്റ്റാൻഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

ബാങ്കിൽ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു വടകരയിൽ വച്ച് സുഹൃത്തിന്റെ എടിഎം വഴി 10000 രൂപ എടുത്തിരുന്നു. തന്‍റെ കൈവശം എടിഎം കാർഡ് ഇല്ല എന്ന് പറഞ്ഞ് വിഷ്ണു ഗൂഗിൾ പേ വഴി സുഹൃത്തിന് പണം അയച്ച് നൽകി. ഈ തുക സുഹൃത്ത് തന്‍റെ എടിഎം ഉപയോഗിച്ച് എടുത്ത് നൽകുകയായിരുന്നു.

ഇതിന് തൊട്ടുപിന്നാലെ വിഷ്ണുവിന് ഒരു കോൾ വന്നതായി സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് വിഷ്ണുവിനെ കാണാതാകുന്നത്. ഈ ഫോൺ കോളിന് ശേഷം വിഷ്ണു അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളോട് സുഹൃത്ത് പറഞ്ഞു.

അതേസമയം വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശങ്ങൾ പുറത്ത് വന്നു . ലോൺ ആപ്പിൽ നിന്നും ബ്ലേഡ് മാഫിയയിൽ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു. ഇരുകൂട്ടരിൽ നിന്നും ഭീഷണിയുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു.

വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു. ഇതോടെയാണ് വിഷ്ണു ബ്ലേഡ് മാഫിയയിൽ നിന്നും 65000 രൂപയുടെ മറ്റൊരു വായ്പയെടുക്കുന്നത്. ഇത് പലിശ ഉൾപ്പെടെ ഒരു ലക്ഷം രൂപയായി എന്നും തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും വിഷ്ണു സഹോദരന് ഒടുവിൽ അയച്ച സന്ദേശത്തിൽ പറയുന്നു.

ജോലിക്ക് പോകാത്തതിൻ്റെ കാരണം ഇതാണെന്ന് അമ്മയോട് പറയണമെന്നും വിഷ്‌ണു ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിഷ്ണു തയ്യാറായിട്ടില്ല. താൻ തിരിച്ചെത്തിയിട്ട് മറ്റു വിവരങ്ങൾ വിശദീകരിക്കാം എന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354310/vadakara-ayanjary-native-vishnus-disappearance-investigation-extends-to-neighboring-states)