---
title: "വിശ്വാസികളെ വീഴ്ത്താൻ പള്ളിയിൽ ഫോട്ടോ എടുത്താൽ പോരാ; വിജയിക്ക് വിൽസൺ എംപിയുടെ മറുപടി"
english_title: "Wilson MP's reply to the winner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354305/wilson-mps-reply-to-the-winner"
published_at: "2026-04-20T09:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5a16f9fd7c_1.jpg"
keywords: []
---

# വിശ്വാസികളെ വീഴ്ത്താൻ പള്ളിയിൽ ഫോട്ടോ എടുത്താൽ പോരാ; വിജയിക്ക് വിൽസൺ എംപിയുടെ മറുപടി

> **Lead Summary:** **ചെന്നൈ: [ **തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ പോര് മുറുകുകയാണ്. നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് പള്ളിയിൽ സന്ദർശനം നടത്തിയത് ഡിഎംകെയുടെ കടുത്ത വിമർശനത്തിന് വഴിയൊരുക്കി.

## Article Content

**ചെന്നൈ: [ **തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ പോര് മുറുകുകയാണ്. നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് പള്ളിയിൽ സന്ദർശനം നടത്തിയത് ഡിഎംകെയുടെ കടുത്ത വിമർശനത്തിന് വഴിയൊരുക്കി.

വിജയിയുടെ ഈ നടപടി യൂദാസിന്റെ ചുംബനത്തിന് സമാനമാണെന്നും വഞ്ചനാപരമായ രാഷ്ട്രീയ നീക്കമാണിതെന്നും ഡിഎംകെ എംപി പി. വിൽസൺ ആരോപിച്ചു. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുള്ളിൽ കയറി ഫോട്ടോ എടുത്താൽ വിശ്വാസികളെ സ്വാധീനിക്കാമെന്ന് വിജയ് കരുതേണ്ടെന്നും, എഫ്സിആർഎ പോലുള്ള വിഷയങ്ങളിൽ ടിവികെ മുൻപ് നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ഡിഎംകെ മന്ത്രി കെ.എൻ. നെഹ്‌റു ആഞ്ഞടിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ പയറ്റുന്ന തന്ത്രങ്ങൾ തമിഴ്നാട്ടിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിനെ തൊടാൻ ഇഡിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ഉന്നയിച്ച 'ജോലിക്ക് കോഴ' ആരോപണങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡെൽറ്റ ജില്ലകൾ ഉൾപ്പെടെ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിജയിയുടെ സ്വാധീനമേഖലയായ തിരുച്ചിറപ്പള്ളിയിലും വിജയം തങ്ങൾക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ ദേശീയ നേതാക്കളുടെ വൻനിരയാണ് ഇന്ന് തമിഴ്നാട്ടിൽ എത്തുന്നത്.

ഡിഎംകെ സഖ്യത്തിന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും വിവിധ ജില്ലകളിൽ സന്ദർശനം നടത്തും. രാഹുൽ ദക്ഷിണ തമിഴ്നാട്ടിലെ കന്യാകുമാരിയും തൂത്തുക്കുടിയും കേന്ദ്രീകരിക്കുമ്പോൾ കെജ്രിവാൾ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ സ്റ്റാലിന് വേണ്ടി വോട്ട് തേടും.

എൻഡിഎ സ്ഥാനാർത്ഥികൾക്കായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോയമ്പത്തൂരിലും ചെന്നൈയിലും പ്രചാരണത്തിനെത്തുന്നുണ്ട്. ഇതിനിടെ തിരുവല്ലൂരിലും ചെന്നൈയിലും പര്യടനം നടത്തി വോട്ടർമാരെ നേരിൽ കാണാനാണ് വിജയിയുടെയും ടിവികെയുടെയും തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354305/wilson-mps-reply-to-the-winner)