---
title: "മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരി, വീട്ടിൽ വിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി ലൈംഗികക്രൂരത; മത്സ്യവിൽപ്പനക്കാരൻ പിടിയിൽ"
english_title: "Fish seller arrested for sexually assaulting seven-year-old girl in vehicle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354281/fish-seller-arrested-for-sexually-assaulting-seven-year-old-girl-in-vehicle"
published_at: "2026-04-19T22:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e50ffacb596_arrest.jpg"
keywords: []
---

# മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരി, വീട്ടിൽ വിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി ലൈംഗികക്രൂരത; മത്സ്യവിൽപ്പനക്കാരൻ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ വാഹനത്തിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മത്സ്യ വിൽപ്പനക്കാരൻ അറസ്റ്റിലായി. വെമ്പായം കൊഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് പോക്സോ നിയമപ്രകാരം വെഞ്ഞാറമ്മൂട് പൊലീസ് പിടികൂടിയത്.

## Article Content

തിരുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ വാഹനത്തിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മത്സ്യ വിൽപ്പനക്കാരൻ അറസ്റ്റിലായി. വെമ്പായം കൊഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് പോക്സോ നിയമപ്രകാരം വെഞ്ഞാറമ്മൂട് പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവിനൊപ്പം മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. വർഷങ്ങളായി ഇതുവഴി മത്സ്യവിൽപ്പന നടത്തുന്ന ആളായതിനാലും കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന സ്വഭാവക്കാരനായതിനാലും ഇയാളെ വീട്ടുകാർക്ക് വിശ്വാസമായിരുന്നു.

മത്സ്യം വാങ്ങിയ ശേഷം വീട്ടിൽ വിടാമെന്ന് പറഞ്ഞ് പ്രതി തന്‍റെ ഗുഡ്സ് ഓട്ടോയിൽ കയറ്റി ഡ്രൈവർ സീറ്റിന് സമീപം ഇരുത്തി കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പീഡനശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ കൈക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു.

സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടി അയൽവാസികളോട് വിവരം പറയുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് സംഘം പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വെമ്പായം, മാണിക്കൽ പഞ്ചായത്തുകളിൽ വർഷങ്ങളായി ഇയാൾ മത്സ്യവിൽപ്പന നടത്തി വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354281/fish-seller-arrested-for-sexually-assaulting-seven-year-old-girl-in-vehicle)