---
title: "'പ്രധാനമന്ത്രി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകം; രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന മോദിയുടെ ദുഷ്ടലാക്ക് പരാജയപ്പെട്ടു'-  കെ സി വേണുഗോപാൽ"
english_title: "KC Venugopal strongly criticizes Women's Reservation Amendment Bill after it was defeated in Lok Sabha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354271/kc-venugopal-strongly-criticizes-womens-reservation-amendment-bill-after-it-was-defeated-in-lok-sabha"
published_at: "2026-04-19T21:29:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4fc5553c77_kc_venugopal.jpg"
keywords: []
---

# 'പ്രധാനമന്ത്രി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകം; രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന മോദിയുടെ ദുഷ്ടലാക്ക് പരാജയപ്പെട്ടു'-  കെ സി വേണുഗോപാൽ

> **Lead Summary:** തിരുവനന്തപുരം : വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ രൂക്ഷ വിമർശനവുമായി എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മോദി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകമാണെന്നാണ് കെ സി അഭിപ്രായപ്പെട്ടത്.

## Article Content

തിരുവനന്തപുരം : വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ രൂക്ഷ വിമർശനവുമായി എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മോദി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകമാണെന്നാണ് കെ സി അഭിപ്രായപ്പെട്ടത്.

മണ്ഡല പുനർനിർണയത്തിലൂടെ രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന മോദിയുടെ ദുഷ്ടലാക്ക് പരാജയപ്പെട്ടെന്നും തോൽവിയുടെ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ വിളവൻകോട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി.ടി. പ്രവീണിനായി കളയിക്കവിളയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് ആദ്യ വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നൽകിയത് കോൺഗ്രസാണെന്നും കെ സി വേണുഗോപാൽ ഓർമ്മിപ്പിച്ചു. തമിഴ്‌നാട്ടിൽ വോട്ട് ചോദിക്കാൻ മോദിക്ക് അവകാശമില്ലെന്നും പ്രധാനമന്ത്രിയുടെ വിഘടനവാദത്തെ ശക്തമായി എതിർത്ത നേതാവാണ് എം കെ സ്റ്റാലിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിലെ സ്ത്രീകൾ വോട്ടെടുപ്പ് ദിവസം മോദിക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 'മുഖ്യമന്ത്രി കസേര' വടംവലി വിവാദത്തിൽ പ്രതികരിക്കാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ യോഗ്യനാണെന്നടക്കമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സി പി എം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്‌ട്രീയ പ്രചരണമാണെന്ന് എം എ ബേബി പറഞ്ഞു. തമിഴ്നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്.

നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എം എ ബേബി പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിക്കും ബി ജെ പിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യംവെച്ചുള്ള സത്യവിരുദ്ധ പ്രചരണം ബംഗാളിൽ അമിത് ഷാ നടത്തി. സി പി എം ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ഇതിന് മുൻപ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണ് ഉണ്ടായത്. ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെൻ്റിലെ കാര്യങ്ങളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും ബേബി അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354271/kc-venugopal-strongly-criticizes-womens-reservation-amendment-bill-after-it-was-defeated-in-lok-sabha)