---
title: "ആർത്തലച്ച് വേനൽമഴ...! വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി; വിവിധയിടങ്ങളിൽ ശക്തമായ മഴ"
english_title: "heavy summer rains lash several parts of kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354259/heavy-summer-rains-lash-several-parts-of-kerala"
published_at: "2026-04-19T19:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4e651a24bd_rain.jpg"
keywords: []
---

# ആർത്തലച്ച് വേനൽമഴ...! വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി; വിവിധയിടങ്ങളിൽ ശക്തമായ മഴ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ. വയനാട്ടിൽ മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. വൈകീട്ട് മൂന്ന് മണിയോടെയാണ് മഴ ആരംഭിച്ചത്. പാപ്ലശേരി മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. പാപ്ലശേരി, കവളമറ്റം മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ. വയനാട്ടിൽ മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. വൈകീട്ട് മൂന്ന് മണിയോടെയാണ് മഴ ആരംഭിച്ചത്. പാപ്ലശേരി മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. പാപ്ലശേരി, കവളമറ്റം മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എറണാകുളം മുവാറ്റുപുഴയിലും കനത്ത മഴയിൽ മരങ്ങൾ കട പുഴകി. ആട്ടായത്താണ് മരങ്ങൾ കടപുഴകി വീണത്. ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നും വീടിന് കേടുപാടുകൾ ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.

എറണാകുളം ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റിൽ ആലുവയിൽ മരങ്ങൾ കടപുഴകി. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടായി. നഗരത്തിലും ശക്തമായ മഴ പെയ്തു.

ഇടക്കൊച്ചി അരൂർ ഹൈവേയിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. പള്ളുരുത്തി മുതലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഇടക്കൊച്ചി സെൻ്റ്. ലോറൻസ് പള്ളിക്ക് സമീപമാണ് സംഭവം.

**ഇടിമിന്നൽ ജാഗ്രതാ നിർദേശം**

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 19/04/2026 മുതൽ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

**ജാഗ്രതാ നിർദേശങ്ങൾ**

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354259/heavy-summer-rains-lash-several-parts-of-kerala)