---
title: "ഇറ്റലിയിൽ വൈശാഖി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു"
english_title: "Two Indians shot dead in Italy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354230/two-indians-shot-dead-in-italy"
published_at: "2026-04-19T15:30:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4a7e63cc61_gun.jpg"
keywords: []
---

# ഇറ്റലിയിൽ വൈശാഖി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

> **Lead Summary:** **റോം: **ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. ബെർഗാമോ പ്രവിശ്യയിലെ കോവോ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോവോയിലെ താമസക്കാരനായ രാഗിന്ദർ സിങ് , അഗ്നാഡെല്ലോയിലെ താമസക്കാരനായ ഗുർമീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.

## Article Content

**റോം: **ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. ബെർഗാമോ പ്രവിശ്യയിലെ കോവോ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോവോയിലെ താമസക്കാരനായ രാഗിന്ദർ സിങ് , അഗ്നാഡെല്ലോയിലെ താമസക്കാരനായ ഗുർമീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന ഒരു വെയർഹൗസിൽനിന്ന് വൈശാഖി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഒത്തുചേരലിൽ പങ്കെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.

അക്രമി ഇവരുടെ അടുത്തേക്ക് എത്തുകയും വെടിയുതിർത്തതിന് പിന്നാലെ കാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ പെട്ടെന്നുണ്ടായ ആക്രമണമല്ലെന്നും ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകങ്ങളാണെന്നുമാണ് പോലീസ് നിഗമനം.

സംഭവസ്ഥലത്തുനിന്ന് പത്തോളം ഷെൽ കേസിങ്ങുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം, അക്രമി ഇന്ത്യക്കാരനാണെന്ന് ദൃക്‌സാക്ഷികളിലൊരാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളും ഈ ഗുരുദ്വാരയിലെ സന്ദർശകനായിരുന്നെന്നും ദൃക്‌സാക്ഷി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354230/two-indians-shot-dead-in-italy)