---
title: "പ്രധാനമന്ത്രിയുടെ അഭിസംബോധന: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം"
english_title: "Prime Minister's address: CPI(M) files complaint with Election Commission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354226/prime-ministers-address-cpim-files-complaint-with-election-commission"
published_at: "2026-04-19T15:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4a6e83c0af_cm.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ അഭിസംബോധന: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം

> **Lead Summary:** **ന്യൂഡല്‍ഹി: **പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം. പ്രധാനമന്ത്രിയുടെ അഭിസംബോധന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി.

## Article Content

**ന്യൂഡല്‍ഹി: **പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം. പ്രധാനമന്ത്രിയുടെ അഭിസംബോധന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി.

സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് പരാതി നല്‍കിയത്. ദൂരദര്‍ശനെ അടക്കം പ്രധാനമന്ത്രി രാഷ്ട്രീയ സന്ദേശം നല്‍കാന്‍ ഉപയോഗിച്ചുവെന്നും പ്രധാനമന്ത്രിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ എം എ ബേബി ആവശ്യപ്പെട്ടു.

നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയും സിപിഐ നേതാവും രാജ്യസഭാംഗവുമായ സന്തോഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാകാതെ പോയതില്‍ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയില്‍ അനില്‍ അക്കരെ ആരോപിച്ചു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് അയച്ച കത്തില്‍ സന്തോഷ് കുമാര്‍ എംപി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും മോദിയുടേത് മുതലക്കണ്ണീരാണെന്നും സന്തോഷ് കുമാര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354226/prime-ministers-address-cpim-files-complaint-with-election-commission)