---
title: "ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ; സുരക്ഷാ ഭീഷണിയും പ്രതിഷേധ സാധ്യതയും വെല്ലുവിളിയാകുന്നു"
english_title: "Iran unable to bury Khamenei's body"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354216/iran-unable-to-bury-khameneis-body"
published_at: "2026-04-19T14:47:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e49dd46385e_Iran_unable_to_bury_Khameneis_body.jpg"
keywords: []
---

# ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ; സുരക്ഷാ ഭീഷണിയും പ്രതിഷേധ സാധ്യതയും വെല്ലുവിളിയാകുന്നു

> **Lead Summary:** ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ ഭരണകൂടം പ്രതിസന്ധിയിൽ. സുരക്ഷാ ഭീഷണികളും രാജ്യത്തുടനീളം കനത്ത പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും മുൻനിർത്തിയാണ് ശവസംസ്‌കാരം വൈകുന്നത്. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനേയി കൊല്ലപ്പെട്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ആഭ്യന്തര സുരക്ഷയും കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഇറാൻ അധികൃതർ.

## Article Content

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ ഭരണകൂടം പ്രതിസന്ധിയിൽ. സുരക്ഷാ ഭീഷണികളും രാജ്യത്തുടനീളം കനത്ത പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും മുൻനിർത്തിയാണ് ശവസംസ്‌കാരം വൈകുന്നത്. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനേയി കൊല്ലപ്പെട്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ആഭ്യന്തര സുരക്ഷയും കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഇറാൻ അധികൃതർ.

ഇസ്രയേലിൽനിന്നുള്ള ആക്രമണങ്ങളിൽനിന്ന് സുരക്ഷിതമായ മഷ്ഹദ് നഗരത്തെയാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലമായി നിലവിൽ അധികൃതർ പരിഗണിക്കുന്നത്. ഖമനേയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്. ഇസ്രയേലിൽനിന്ന് അകലെയുള്ള സ്ഥലമാണെന്നതും തുർക്ക്‌മെനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ളതാണെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധമായ ഇമാം റെസ ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കനത്ത സുരക്ഷ നേതാവിന്റെ ശവകുടീരത്തിന് സംരക്ഷണം നൽകാൻ സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.

1989-ൽ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള റുഹോള ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇറാനിൽ അത്തരമൊരു ഒത്തുചേരൽ വലിയ സുരക്ഷാ വെല്ലുവിളിയാകുമെന്ന് അധികൃതർ ഭയപ്പെടുന്നു.

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് എട്ടിന് പരമോന്നത നേതാവായി തിരഞ്ഞെടുത്തിരുന്നു. തന്റെ പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ 56-കാരനായ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മുഖത്തും കാലുകൾക്കും ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354216/iran-unable-to-bury-khameneis-body)